2023 ഫെബ്രുവരി 12-ന് നടക്കാനിരിക്കുന്ന ദുബായ് മാരത്തൺ എക്സ്പോ സിറ്റിയിൽ വെച്ച് നടത്തുമെന്ന് ദുബായ് സ്പോർട്സ് കൗൺസിൽ അറിയിച്ചു. 2023 ഫെബ്രുവരി 6-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
മേഖലയിലെ പ്രധാനപ്പെട്ട കായികമത്സരയിനങ്ങളിലൊന്നായ ദുബായ് മാരത്തൺ സംഘടിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഇടമാണ് ദുബായ് എക്പോ സിറ്റിയെന്ന് സ്പോർട്സ് കൗൺസിൽ വ്യക്തമാക്കി. അതിവിശാലമായ എക്സ്പോ സിറ്റി, സ്വകാര്യ വാഹനങ്ങളിലും, ദുബായ് മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളിലും സന്ദർശകർക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്ന ഇടമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ആഗോള തലത്തിൽ ഗോൾഡ് ലേബൽ റോഡ് റേസ് എന്ന രീതിയിലാണ് ലോക അത്ലറ്റിക്സ് ഫെഡറേഷൻ ദുബായ് മാരത്തൺ മത്സരത്തെ കണക്കാക്കുന്നത്. ദുബായ് മാരത്തൺ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന എല്ലാ വിഭാഗം റേസുകളിലും പതിനായിരക്കണക്കിന് പേരാണ് പങ്കെടുക്കുന്നത്.
42.195 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണിന് പുറമെ 10 കിലോമീറ്റർ, 4 കിലോമീറ്റർ മീറ്റർ വീതം ദൈർഘ്യമുള്ള രണ്ട് റേസുകളും ദുബായ് മാരത്തൺ മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
Cover Image: File Photo, Source: Dubai Media Office.