ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഫെബ്രുവരി 18-നാണ് റിട്ട ഇക്കാര്യം അറിയിച്ചത്.
എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളുടെ കഴിഞ്ഞ വർഷത്തെ ഉപയോഗം സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തുന്നതിനിടയിലാണ് RTA ചെയർമാൻ മത്തർ അൽ തയർ ഇക്കാര്യം അറിയിച്ചത്. ഏതാണ്ട് മുപ്പത് കിലോമീറ്ററോളം പുതിയ മെട്രോ ലൈനുകൾ നിർമ്മിക്കുന്നത് ലക്ഷ്യമിടുന്ന ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായി 14 പുതിയ മെട്രോ സ്റ്റേഷനുകൾ ഒരുക്കുന്നതാണ്.
ഇതിൽ ക്രീക്ക്, സെന്റർപോയിന്റ്, ഇന്റർനാഷണൽ സിറ്റി 1 എന്നിങ്ങനെ മൂന്ന് പ്രധാന ഇന്റർചേഞ്ച് സ്റ്റേഷനകളും ഉണ്ടായിരിക്കുന്നതാണ്. നിലവിലുള്ള റെഡ്, ഗ്രീൻ ലൈനുകളുമായി ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും ബ്ലൂ ലൈൻ ഒരുക്കുന്നത്.
ദുബായിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ പദ്ധതിയുടെ 15.5 കിലോമീറ്റർ മെട്രോപാളം ഭൂമിയുടെ അടിയിലൂടെയായിരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദുബായിലെ ഒമ്പത് പ്രധാന ഇടങ്ങളിലേക്ക് നേരിട്ട് എത്തുന്നതിന് ഈ മെട്രോ ലൈൻ സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയ്ക്ക് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2023 നവംബർ 24-ന് അംഗീകാരം നൽകിയിരുന്നു.
എമിറേറ്റിലെ പൊതുഗതാഗത മേഖലയെ കൂടുതൽ ശക്തമാക്കുന്നതിന് ഈ പദ്ധതി ലക്ഷ്യമിടുന്നു. 18 ബില്യൺ ദിർഹം ചെലവഴിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 2029-ൽ നിർമ്മാണം പൂർത്തിയാക്കുന്നത് ലക്ഷ്യമിട്ടാണ് ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതി നടപ്പിലാക്കുന്നത്.
ദുബായ് ഇന്റർനാഷണൽ എയർപോർട്ടിനെ മിർദിഫ്, അൽ വർഖ, ഇന്റർനാഷണൽ സിറ്റി 1, ഇന്റർനാഷണൽ സിറ്റി 2, ദുബായ് സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി. റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ, ദുബായ് ക്രീക്ക് ഹാർബർ, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ ദുബായിലെ പ്രധാന ഇടങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തരത്തിലായിരിക്കും ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണം.
Cover Image: Dubai Media Office.