ദുബായ് മെട്രോ റെഡ് ലൈനിലെ പ്രവർത്തനക്രമത്തിൽ ഓഗസ്റ്റ് 3 മുതൽ മാറ്റം വരുത്തി

featured GCC News

ദുബായ് മെട്രോയുടെ റെഡ് ലൈനിലെ പ്രവർത്തനക്രമത്തിൽ 2024 ഓഗസ്റ്റ് 3 മുതൽ ഏതാനം മാറ്റങ്ങൾ നടപ്പിലാക്കിയതായി അധികൃതർ അറിയിച്ചു. 2024 ഓഗസ്റ്റ് 2-നാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇതിന്റെ ഭാഗമായി റെഡ് ലൈനിൽ നിന്നുള്ള ദൈനംദിന സർവീസുകളുടെ ഭാഗമായി ഏതാനം ഇടങ്ങളിലേക്ക് പ്രത്യേക ട്രിപ്പുകൾ ഏർപ്പെടുത്തിയതായി RTA അറിയിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 3 മുതൽ റെഡ് ലൈനിൽ എക്സ്പോ 2020 മെട്രോ സ്റ്റേഷൻ, യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ ഉപയോഗിച്ചാണ് സർവീസ് നടത്തുന്നതെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്. ഇതിനാൽ യാത്രികർ ഡിസ്പ്ലേ ബോർഡുകളിൽ നൽകുന്ന ട്രെയിൻ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം ട്രെയിനുകളിൽ കയറേണ്ടതാണെന്ന് RTA അറിയിച്ചു.

ഈ ഇടങ്ങളിലേക്ക് പ്രത്യേക ട്രെയിനുകൾ ഏർപ്പെടുത്തിയതോടെ സെന്റർപോയിന്റിൽ നിന്ന് ഈ സ്റ്റേഷനുകളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജബൽ അലി മെട്രോ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാറികയറുന്നത് ഒഴിവാകുന്നതാണ്. എക്സ്പോ 2020 മെട്രോ സ്റ്റേഷൻ, യു എ ഇ എക്സ്ചേഞ്ച് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സെന്റർപോയിന്റിലേക്കും ട്രെയിനുകൾ നേരിട്ട് സർവീസ് നടത്തുന്നതാണ്.