അബുദാബി: മുഷ്‌രിഫ് മാളിൽ പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി SEHA

featured GCC News

മുഷ്‌രിഫ് മാളിൽ ഒരു പുതിയ വിസ മെഡിക്കൽ സ്ക്രീനിംഗ് കേന്ദ്രം ആരംഭിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു. റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനാ നടപടികൾ ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുന്നതാണ്.

അബുദാബി നിവാസികൾക്ക് റെസിഡൻസി പെർമിറ്റുകളുമായി ബന്ധപ്പെട്ട് സുഗമവും, സൗകര്യപ്രദവുമായ മെഡിക്കൽ പരിശോധന ഉറപ്പ് വരുത്തുന്നതിനായാണ് ഈ നടപടി. ഈ കേന്ദ്രത്തിൽ നിന്ന് ആഴ്ച്ചയിൽ ഏഴ് ദിവസവും രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണിവരെ സേവനങ്ങൾ ലഭ്യമാക്കുന്നതാണ്.

മുൻ‌കൂർ അനുമതികൾ ഉള്ളവർക്കും, നേരിട്ട് വാക്-ഇൻ അടിസ്ഥാനത്തിലെത്തുന്നവർക്കും ഈ കേന്ദ്രത്തിൽ നിന്ന് സേവനങ്ങൾ ലഭിക്കുന്നതാണ്. ഈ കേന്ദ്രത്തിൽ നിന്ന് സാധാരണ രീതിയിലുള്ള വിസ സ്ക്രീനിംഗ് സേവനങ്ങളും, ഫാസ്റ്റ് ട്രാക്ക് രീതിയിലുള്ള വിസ സ്ക്രീനിംഗ് സേവനങ്ങളും ലഭ്യമാണ്.

എമിറേറ്റിലെ ആരോഗ്യ പരിചരണ കേന്ദ്രങ്ങളുടെ ഭാഗമായും, പ്രത്യേക കെട്ടിടങ്ങളിലുമായാണ് നിലവിലുള്ള ഇത്തരം മെഡിക്കൽ പരിശോധനാ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അബുദാബി നിവാസികൾ സാധാരണയായി സന്ദർശിക്കുന്ന ഇടങ്ങളിൽ വിസ മെഡിക്കൽ സ്ക്രീനിംഗ് സേവനങ്ങൾ ലഭ്യമാക്കുന്ന SEHA നയത്തിന്റെ ഭാഗമായി ആരംഭിക്കുന്ന ആദ്യത്തെ സേവനകേന്ദ്രമാണിതെന്ന് ആംബുലേറ്ററി ഹെൽത്ത്കെയർ സർവീസസ് സി ഇ ഓ ഡോ. നൗറ അൽ ഖൈതി അറിയിച്ചു.

ഇത്തരം ഇടങ്ങളിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. കുടുംബാംഗങ്ങൾക്കൊപ്പവും, ഷോപ്പിംഗിനിടയിലും വിസ സ്ക്രീനിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് മാളുകളിൽ ആരംഭിക്കുന്ന ഇത്തരം കേന്ദ്രങ്ങൾ സഹായകമാണെന്ന് അവർ വ്യക്തമാക്കി.