ദുബായ് മെട്രോ റൂട്ട് 2020 2021 ജനുവരി 1 മുതൽ പ്രവർത്തനമാരംഭിക്കും

GCC News

ജബൽ അലി സ്റ്റേഷൻ മുതൽ എക്സ്‌പോ 2020 സ്റ്റേഷൻ വരെ ദുബായ് മെട്രോ സേവനങ്ങൾ വിപുലീകരിക്കുന്ന പദ്ധതിയായ റൂട്ട് 2020, 2021 ജനുവരി 1 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കുന്നു. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ബോർഡ് ചെയർമാൻ H.E. മത്തർ അൽ തയറാണ് ഡിസംബർ 19-ന് ഇക്കാര്യം പ്രഖ്യാപിച്ചത്.

റൂട്ട് 2020-യുടെ പ്രവർത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തിൽ, ജബൽ അലി (ഇന്റർചേഞ്ച് സ്റ്റേഷൻ), ദി ഗാർഡൻസ്, ഡിസ്‌കവറി ഗാർഡൻസ്, അൽ ഫുർജൻ സ്റ്റേഷൻ എന്നീ നാലു സ്റ്റേഷനുകളാണ് സേവനങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ള മൂന്ന് സ്റ്റേഷനുകളുടെ പ്രവർത്തനം പിന്നീട് ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനസാന്ദ്രത ഏറെയുള്ള ദി ഗാർഡൻസ്, ഡിസ്‌കവറി ഗാർഡൻസ്, അൽ ഫുർജൻ, ജുമേയ്‌റ ഗോൾഫ് റിയൽ എസ്റ്റേറ്റ്സ്, ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് തുടങ്ങിയ ഇടങ്ങളിലൂടെ മെട്രോ സേവനങ്ങൾ നൽകുന്ന റൂട്ട് 2020, ദുബായ് എക്സ്പോ വേദിയെ ഇവയുമായി ബന്ധപ്പെടുത്തുന്നതിനും സഹായിക്കുന്നു. പ്രാരംഭ ഘട്ടത്തിലെ യാത്രികരുടെ തിരക്ക്, മേഖലകളിലെ ജനസാന്ദ്രത, മേഖലകളിലെ വാണിജ്യ പ്രവർത്തനങ്ങൾ, ഓരോ മേഖലയിലും ലഭ്യമായ പൊതു ഗതാഗത സൗകര്യങ്ങൾ മുതലായ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രാരംഭ ഘട്ടത്തിൽ സേവനങ്ങൾ നൽകുന്ന നാല് സ്റ്റേഷനുകൾ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. കർശനമായ പരീക്ഷണ നടപടികൾക്ക് ശേഷമാണ് റൂട്ട് 2020 വാണിജ്യാടിസ്ഥാനത്തിൽ തുറന്നു കൊടുക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

മെട്രോ റൂട്ട് 2020 പ്രാരംഭ സമയക്രമം:

ഈ റൂട്ടിലെ ആദ്യ യാത്ര ജബൽ അലി സ്റ്റേഷൻ മുതൽ അൽ ഫുർജാൻ വരെയും തിരികെയുമായിരിക്കും.

  • ശനിയാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ : രാവിലെ 5.00 മുതൽ രാത്രി 12.00 വരെ.
  • വ്യാഴാഴ്ച്ച – രാവിലെ 5.00 മുതൽ രാത്രി 1.00 വരെ.
  • വെള്ളിയാഴ്ച്ച – രാവിലെ 10.00 മുതൽ രാത്രി 1.00 വരെ.

ജബൽ അലി സ്റ്റേഷൻ മുതൽ അൽ ഫുർജാൻ വരെ യാത്ര ചെയ്യുന്നതിന് ഏകദേശം 6 മിനിറ്റാണ് വേണ്ടിവരുന്നത്. മണിക്കൂറിൽ 6 മെട്രോ ട്രെയിനുകൾ എന്ന കണക്കിൽ ഓരോ 10 മിനിറ്റ് ഇടവേളകളിലാണ് സർവീസുകൾ നടത്തുന്നത്. മണിക്കൂറിൽ ഒരു ദിശയിൽ ഏതാണ്ട് 4176 യാത്രികർക്ക് സേവനങ്ങൾ നൽകാൻ റൂട്ട് 2020-യുടെ പ്രാരംഭഘട്ടത്തിൽ സാധിക്കുമെന്ന് അൽ തയർ വ്യക്തമാക്കി. ഈ സ്റ്റേഷനുകളിലേക്കുള്ള യാത്രാ സൗകര്യം ഉറപ്പാക്കുന്നതിനായി 19 മെട്രോ ഫീഡർ ബസുകളുടെ സേവനം ഉറപ്പാക്കിയതായും, ഓരോ സ്റ്റേഷനുകളിലും ടാക്സി സേവനങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.