ദുബായ് മിറക്കിൾ ഗാർഡന്റെ ഒൻപതാം സീസൺ കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെ ആരംഭിച്ചു. ലോകത്തെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമായ ദുബായ് മിറക്കിൾ ഗാർഡൻ നവംബർ 1 മുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്.
“ദുബായ് മിറക്കിൾ ഗാർഡൻ ലോകത്തെ തന്നെ ഏറ്റവും വലിയ സ്വാഭാവിക പൂന്തോട്ടമാണ്. ഓരോ വർഷവും ഇത് വളർന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നതിനേക്കാൾ സസ്യങ്ങൾ, മനോഹരമായ പുഷ്പങ്ങൾ എന്നിവ ഞങ്ങൾ ഓരോ പുതിയ സീസണിലും മിറക്കിൾ ഗാർഡനിൽ ഉൾപ്പെടുത്തുന്നു. മിറക്കിൾ ഗാർഡൻ സന്ദർശിക്കുന്ന ഓരോ സന്ദർശകർക്കും ഏറ്റവും മികച്ചതും, മറക്കാനാകാത്തതുമായ ദൃശ്യവിസ്മയങ്ങൾ ഒരുക്കാൻ ഞങ്ങൾ എന്നും ശ്രദ്ധചെലുത്തുന്നു. “, പുതിയ സീസണുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളെ കുറിച്ച് വിവരിച്ച് കൊണ്ട് ദുബായ് മിറക്കിൾ ഗാർഡന്റെ സ്ഥാപകൻ എൻജിനീയർ അബ്ദെൽ നാസർ റഹാൽ അറിയിച്ചു.
“മഹാമാരി രൂക്ഷമായ ദിനങ്ങളിൽ പോലും ദുബായ് മിറക്കിൾ ഗാർഡൻ ഒരു ജീവനക്കാരെയും പുറത്താക്കുകയോ, പ്രതീക്ഷ കൈവിടുകയോ ചെയ്തില്ല. കാർഷിക, ഉദ്യാനപരിപാലന രംഗത്ത് ലോകത്തെ ഏറ്റവും മികച്ച ജീവനക്കാരാണ് ദുബായ് മിറക്കിൾ ഗാർഡനിലുള്ളത്. COVID-19 പശ്ചാത്തലത്തിലും ദുബായ് മിറക്കിൾ ഗാർഡന്റെ മികവ് നിലനിർത്തുന്നതിനായി പരിപാലനം, ജലസേചനം, സസ്യങ്ങൾ വെട്ടിയൊരുക്കുന്ന പ്രവർത്തികൾ മുതലായവ ഞങ്ങൾ ദിനവും മുടക്കമില്ലാതെ തുടർന്നു. ഇപ്പോൾ 2020 സീസൺ തയ്യാറായിരിക്കുകയാണ്, കൂടുതൽ മികച്ച പൂക്കളോടെ, ഏറ്റവും മികച്ച സുരക്ഷയോടെ. യു എ ഇ നിഷ്കർഷിക്കുന്ന സുരക്ഷാ നിർദ്ദേശങ്ങളോടൊപ്പം, ആഗോളതലത്തിലെ ഏറ്റവും മികച്ച പ്രതിരോധ നടപടികൾ പൂർത്തിയാക്കിയാണ് സന്ദർശകർക്ക് ഗാർഡൻ തുറന്ന് നൽകുന്നത്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
സമൂഹ അകലം, സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കൽ, ടിക്കറ്റ് കൗണ്ടറുകളിൽ തിരക്കൊഴിവാക്കുന്നതിനായി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ, കൃത്യമായ അണുനശീകരണ നടപടികൾ, സാനിറ്റൈസറുകളുടെ ലഭ്യത മുതലായ മുൻകരുതലുകൾ ഗാർഡനിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
72000 സ്‌ക്വയർ മീറ്ററിൽ സ്ഥിതി ചെയ്യുന്ന ഗാർഡനിൽ, 120 തരത്തിലുള്ള, ഏതാണ്ട് 150 ദശലക്ഷത്തിൽ പരം വിവിധ വർണ്ണങ്ങളിലും, സൗരഭ്യത്തോടും കൂടിയ പൂക്കളാണ് ഇക്കൊല്ലം സന്ദർശകർക്കായി ഒരുങ്ങുന്നത്. ഇതിൽ ഏതാനം പുഷ്പങ്ങളും, സസ്യങ്ങളും ഗൾഫ് മേഖലയിൽ ഇതുവരെ കണ്ടിട്ടില്ലാത്തവയാണ്. പൂക്കൾ ഒരുക്കുന്ന മായിക കാഴ്ച്ചകളോടൊപ്പം, വർണ്ണ വിളക്കുകളോട് കൂടിയ, വിവിധ രൂപങ്ങളിൽ സസ്യങ്ങളാൽ തയ്യാറാക്കിയ ദൃശ്യങ്ങളും മിറക്കിൾ ഗാർഡനിലെ കാഴ്ച്ചകൾക്ക് മിഴിവേകുന്നു.
ദുബായ് മിറക്കിൾ ഗാർഡൻ പ്രവർത്തന സമയം:
- ഞായർ മുതൽ വ്യാഴം വരെ: രാവിലെ 9.00 – രാത്രി 9.00 വരെ.
- വെള്ളി: രാവിലെ 9.00 – രാത്രി 11.00 വരെ.
- ശനി: രാവിലെ 9.00 – രാത്രി 10.00 വരെ.
മുതിർന്നവർക്ക് (12 വയസ്സിനു മുകളിൽ) 55 ദിർഹം, കുട്ടികൾക്ക് 40 ദിർഹം എന്നിങ്ങനെയാണ് പ്രവേശന ഫീസ്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും മുൻകൂർ ബുക്കിംഗ് നിർബന്ധമല്ല. നേരിട്ടെത്തുന്നവർക്ക് ടിക്കറ്റ് കൗണ്ടറുകളിൽ നിന്ന് ടിക്കറ്റുകൾ ലഭിക്കുന്നതാണ്.
മാൾ ഓഫ് എമിരേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്ക് ബസ് ലഭ്യമാണ്:
മാൾ ഓഫ് എമിരേറ്റ്സിൽ നിന്ന് ദുബായ് മിറക്കിൾ ഗാർഡനിലേക്ക് RTA ബസ് സേവനങ്ങൾ ലഭ്യമാണ്. 5 ദിർഹമാണ് ഇതിന് ഈടാക്കുന്നത്.
RTA-യുടെ ബസ് റൂട്ട് 105, മാൾ ഓഫ് എമിരേറ്റ്സിനേയും ദുബായ് മിറക്കിൾ ഗാർഡനേയും ബന്ധിപ്പിക്കുന്നു. ഈ ബസുകൾ താഴെ പറയുന്ന സമയക്രമങ്ങളിലാണ് സേവനങ്ങൾ നൽകുന്നത്.
- ഞായർ മുതൽ വ്യാഴം വരെ: രാവിലെ 9.30 – രാത്രി 9.00 വരെ, ഓരോ 30 മിനിറ്റ് ഇടവേളകളിലും.
- വെള്ളി, ശനി ദിവസങ്ങളിൽ: രാവിലെ 9.30 – രാത്രി 11.00 വരെ, ഓരോ 20 മിനിറ്റ് ഇടവേളകളിലും.
Cover Photo: @MiracleGardenAE