ദുബായ്: നാഷണൽ ജ്യോഗ്രഫിക്കിന്റെ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി

featured UAE

നാഷണൽ ജ്യോഗ്രഫിക് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മനോഹരമായ 14 മ്യൂസിയങ്ങളുടെ പട്ടികയിൽ ദുബായിലെ ‘മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ’ ഇടംനേടി. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന്റെ അതിശയിപ്പിക്കുന്ന വാസ്തുവിദ്യയും, നൂതന സാങ്കേതിക കണ്ടുപിടിത്തങ്ങളുമാണ് ഈ നേട്ടം കൈവരിക്കുന്നതിലേക്ക് നയിച്ചത്.

ദുബായിയുടെ തിരക്കേറിയ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വാസ്തുവിദ്യാ വിസ്മയമായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ അതിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഒരു പുതിയ ആഗോള നാഴികക്കല്ലായി മാറുന്നതാണ്. മ്യൂസിയത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപ് തന്നെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിനെ ഒരു പ്രധാന ആഗോള പ്രതീകമായി തിരഞ്ഞെടുത്തത് കണ്ടുപിടിത്തം, രൂപകൽപന, വാസ്തുവിദ്യ എന്നിവയിൽ യുഎഇയുടെ മുൻനിര പദവി രേഖപ്പെടുത്തുന്നുവെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടറും, ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനുമായ മുഹമ്മദ് അൽ ഗെർഗാവി പറഞ്ഞു.

“യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങൾ മൂലം ദുബായ് സർഗ്ഗാത്മകതയുടെ ഒരു കേന്ദ്രമായി സ്ഥാപിക്കപ്പെടുന്നതിൽ അതിയായ സന്തോഷമുണ്ട്. ദുബായിലെ മ്യൂസിയം ഓഫ് ഫ്യൂച്ചർ പോലെയുള്ള ഒരു എഞ്ചിനീയറിംഗ് അത്ഭുതത്തിൽ എമിറേറ്റിന്റെ അഭിലാഷങ്ങൾ പ്രതിഫലിക്കുന്നു, അത് പൂർത്തീകരിക്കുന്നതിന് മുമ്പുതന്നെ ലോകത്തിലെ ഏറ്റവും മനോഹരമായ മ്യൂസിയങ്ങളായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു.”, അദ്ദേഹം അറിയിച്ചു.

“യു എ ഇയുടേയും ലോകത്തിന്റേയും ഭാവിയിലേക്കുള്ള വാതായനമാണ് മ്യൂസിയം ഓഫ് ഫ്യൂച്ചർ അതിന്റെ രൂപകൽപ്പനയും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് കൊണ്ട് തുറക്കുന്നത്. ദുബായിയെ ഉയർന്നുവരുന്ന സാങ്കേതികവിദ്യകളുടെ ഒരു പരീക്ഷണകേന്ദ്രമായും പ്രതിഭകൾക്കും കണ്ടുപിടുത്തക്കാർക്കും സർഗ്ഗാത്മക പ്രൊഫഷണലുകൾക്കുമുള്ള പര്യവേക്ഷണ അടിത്തറയായും രൂപപ്പെടുത്തുന്നതിൽ ഈ എഞ്ചിനീയറിംഗ് വിസ്മയത്തിന് വലിയ പങ്ക്‌വഹിക്കാനുണ്ട്. പണിപൂർത്തിയാകുന്നതോടെ, മനുഷ്യരാശിയുടെ ഭാവിയെ രൂപപ്പെടുത്തുന്ന ഏറ്റവും വലിയ വെല്ലുവിളികൾ ലോകത്തിന് മുൻപിൽ അനാവരണം ചെയ്യുന്നതിനും, ഭാവിയുടെ സൂചനകൾ ദർശിക്കുന്നതിനും ഈ മ്യൂസിയം സഹായകമാകുന്നതാണ്.”, അൽ ഗെർഗാവി കൂട്ടിച്ചേർത്തു.

30000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള, ഏഴ് നിലകളിലായി തൂണുകളില്ലാത്ത ഘടനയിൽ നിർമ്മിക്കുന്ന ഈ മ്യൂസിയം 77 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 17000 ചതുരശ്ര മീറ്ററിലധികം നീളമുള്ള സ്റ്റെയിൻലെസ് സ്റ്റീലിൽ പണിതീർക്കുന്ന ഈ മ്യൂസിയത്തിന്റെ മുഖപ്പ്‌, എമിറാത്തി കലാകാരനായ മറ്റാർ ബിൻ ലഹേജ് രൂപകൽപ്പന ചെയ്ത 14000 മീറ്റർ അറബിക് കാലിഗ്രാഫിയാൽ സമ്പന്നമാണ്.

സന്ദർശകർക്ക് എളുപ്പത്തിൽ എത്തുന്നതിനായി ഈ മ്യൂസിയം രണ്ട് പാലങ്ങളാൽ ബന്ധിപ്പിച്ചിരിക്കുന്ന രീതിയിലാണ് നിർമ്മിക്കുന്നത്. 69 മീറ്റർ നീളമുള്ള പാലം ജുമൈറ എമിറേറ്റ്സ് ടവേഴ്സ് വരെയും, 212 മീറ്റർ നീളമുള്ള പാലം എമിറേറ്റ്സ് ടവേഴ്സ് മെട്രോ സ്റ്റേഷനുമായും മ്യൂസിയത്തെ ബന്ധിപ്പിക്കുന്നു.

മ്യൂസിയത്തിന്റെ മുഖപ്പ്‌ അലങ്കരിക്കുന്ന അറബിക് കാലിഗ്രാഫിയിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉദ്ധരണികൾ ഉൾപ്പെടുന്നു. “നമ്മൾ നൂറുകണക്കിന് വർഷങ്ങൾ ജീവിച്ചിരിക്കണമെന്നില്ല, പക്ഷേ നമ്മുടെ സർഗ്ഗാത്മകതയിൽ വിരിയുന്ന ഉൽപന്നങ്ങൾ നമുക്ക് ശേഷവും നമ്മുടെ പാരമ്പര്യം പ്രദർശിപ്പിക്കാൻ അവശേഷിക്കുന്നതാണ്.”, “ഭാവനയെ സങ്കൽപ്പിക്കാനും രൂപകൽപ്പന ചെയ്യാനും നടപ്പിലാക്കാനും കഴിയുന്നവരുടേതാണ് ഭാവി … ഭാവി കാത്തിരിക്കില്ല … ഭാവി ഇന്ന് രൂപകൽപ്പന ചെയ്യാനും നിർമ്മിക്കാനും കഴിയും.”, എന്നീ ഉദ്ധരണികൾ ഇതിൽ ഏറെ ശ്രദ്ധേയമാണ്.

പൂർണ്ണമായും റോബോട്ടുകൾ നിർമ്മിച്ച 1,024 പ്ലേറ്റുകൾ കൊണ്ടാണ് മ്യൂസിയത്തിന്റെ മുഖപ്പ്‌ നിർമ്മിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിത്. ഏതാണ്ട് 18 മാസത്തിലധികം സമയമെടുത്താണ് ഈ പ്ലേറ്റുകൾ സ്ഥാപിച്ചത്.

സുസ്ഥിരതയുടെ ഒരു മാതൃക എന്ന രീതിയിൽ ദുബായിലെ വൈദ്യുതി, വാട്ടർ അതോറിറ്റിയുമായി സഹകരിച്ച് കെട്ടിടവുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു സ്റ്റേഷൻ നിർമ്മിക്കുന്ന 4,000 മെഗാവാട്ട് സൗരോർജ്ജത്തിലാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ പ്രവർത്തിക്കുന്നത്. ഏതാണ്ട് 80 ഇനം സസ്യങ്ങൾ ഉൾക്കൊള്ളുന്ന, മ്യൂസിയത്തിന് ചുറ്റുമുള്ള പാർക്കിൽ, നിർമ്മിത ബുദ്ധിയാൽ പ്രവർത്തിക്കുന്ന ജലസേചന സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ തനതായ വാസ്തുവിദ്യാ മാതൃകയായി തിക്ല ഇന്റർനാഷണൽ ബിൽഡിംഗ് അവാർഡ് നേടിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും നൂതനമായ കെട്ടിടങ്ങളിലൊന്നാണ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്ന് ഓട്ടോഡെസ്ക് ഡിസൈൻ സോഫ്റ്റ്വെയർ പ്രസ്താവിച്ചിരുന്നു. എഞ്ചിനീയർ സീൻ കീലയാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്.

WAM