ദുബായ്: ലോക പരിസ്ഥിതി ദിനത്തിൽ സുസ്ഥിര ഭാവിയെ പ്രോത്സാഹിപ്പിച്ച് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ

featured UAE

ലോകമെമ്പാടും ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന വേളയിൽ ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുകയും ഭൂമിയെയും അതിന്റെ ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനായുള്ള ചെറിയ മാറ്റങ്ങൾ വരുത്താൻ അതിഥികളെ പ്രേരിപ്പിക്കുന്നു.

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നതിനായി ഐക്യരാഷ്ട്രസഭയുടെ ലോക പരിസ്ഥിതി ദിനം വർഷം തോറും ജൂൺ 5-ന് ആചരിക്കുന്നു. പ്രസ്തുത ദിനാചരണത്തിന്‍റെ ഭാഗമായി, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഭൂമിയെ സംരക്ഷിക്കുന്നതിനും അതിന്റെ പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുന്നതിനുമായി പൊതുജനങ്ങൾക്ക് പിന്തുടരാനാകുന്ന മിതമായ ജലവിനിയോഗം, പൊതുഗതാഗതത്തിന്റെ ഉപയോഗം തുടങ്ങിയ ദൈനംദിന ആശയങ്ങൾ എടുത്തുകാണിക്കുന്നു.

“ലോക പരിസ്ഥിതി ദിനത്തെ ഞങ്ങൾ പൂർണമായി പിന്തുണയ്ക്കുന്നു. പ്ലാസ്റ്റിക് രഹിത പാക്കേജിംഗ്, പുനരുപയോഗിക്കാവുന്ന ഷോപ്പിംഗ് ബാഗുകൾ, പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിന് വാട്ടർ ഡിസ്പെൻസറുകൾ നൽകൽ തുടങ്ങിയ നടപടികളിലൂടെ പരിസ്ഥിതി സംരക്ഷണത്തിന് സംഭാവന നൽകാൻ ഞങ്ങളുടേതായ നടപടികൾ സ്വീകരിക്കുന്നു.”, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് ഡയറക്ടർ മജീദ് അൽ മൻസൂരി ഈ അവസരത്തിൽ വ്യക്തമാക്കി.

Source: WAM.

“സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള യു എ ഇ നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി, പരിസ്ഥിതി സംരക്ഷിക്കുന്നതിനും, സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും ഞങ്ങൾ മുൻഗണന നൽകുന്നു. മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ, ഭാവി രൂപകൽപന ചെയ്യാനും നമ്മുടെ ഗ്രഹം നേരിടുന്ന നിലവിലുള്ളതും ഭാവിയിലേതുമായ വെല്ലുവിളികൾക്കെതിരെയുള്ള പദ്ധതികൾ വികസിപ്പിക്കാനും ഞങ്ങൾ സാങ്കേതികവിദ്യ വിന്യസിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മ്യൂസിയം സന്ദർശിക്കുന്ന അതിഥികൾക്ക് അവരുടെ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യം ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി മ്യൂസിയത്തിൽ കാർ പാർക്കിംഗ് സ്ഥലങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. മെട്രോ ലിങ്ക് ബ്രിഡ്ജിലൂടെ മ്യൂസിയവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്ന ദുബായ് മെട്രോയുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനാണിത്.

സുസ്ഥിരതയ്ക്ക് മ്യൂസിയം വലിയ ഊന്നൽ നൽകുന്നു. മ്യൂസിയം കെട്ടിടം തന്നെ പാരിസ്ഥിതികവും സുസ്ഥിരവുമായ മാനദണ്ഡങ്ങൾക്കനുസൃതമായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മ്യൂസിയത്തിന്റെ മുഖപ്പിൽ, മുൻഭാഗം മൂടുന്ന രീതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സോളാർ പാനലുകളിലൂടെ അതിന്റെ ഊർജ്ജത്തിന്റെ വലിയൊരു ശതമാനം ലഭിക്കുന്നു.

ഇത് കൂടാതെ സ്മാർട്ട് ജലസേചന സംവിധാനം ഉപയോഗപ്പെടുത്തുന്ന, ദുബായിലെ ചൂടുള്ള കാലാവസ്ഥയെ നേരിടാൻ കഴിയുന്ന 100-ലധികം നാടൻ സസ്യ ഇനങ്ങളെ ഉൾക്കൊള്ളുന്ന ഒരു പൂന്തോട്ടവും മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായി മ്യൂസിയത്തിൽ നിരവധി പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ ഉൾപ്പെടുത്തിയിട്ടുള്ള ഫ്യൂച്ചർ ടോക്‌സ് സീരീസ്, ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്ര മനസ്സുകളെ അവതരിപ്പിക്കുന്നതിനൊപ്പം മനുഷ്യരാശി അഭിമുഖീകരിക്കുന്ന സമ്മർദ്ദകരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു.

WAM