റമദാൻ അടുത്തതോടെ ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ദുബായിലെ വിവിധ വിപണന കേന്ദ്രങ്ങളിലും സംസ്കരണശാലകളിലും ഭക്ഷ്യ വിഭവങ്ങളുടെ ഗുണമേന്മയുറപ്പിക്കുന്നതിനായുള്ള പരിശോധന നടപടികൾ കർശനമാക്കി. ഇതിന്റെ ഭാഗമായി ഭക്ഷണ വിഭവങ്ങളുടെ ഗുണമേന്മ, ആരോഗ്യ സുരക്ഷ, ശുചിത്വം എന്നിവയെല്ലാം പ്രത്യേക സംഘം പരിശോധിച്ചു.
സമൂഹത്തിൽ ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കുന്നതിനായി പൊതുജനങ്ങളോട് റമദാൻ വേളയിലെ ഭക്ഷ്യ വിഭവങ്ങളുടെ ഷോപ്പിങ്ങിലും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, സമൂഹ അകലവും പാലിക്കാനും അധികൃതർ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന വിധത്തിലുള്ള ഷോപ്പിങ്ങ് നിർദ്ദേശങ്ങളും ദുബായ് മുൻസിപ്പാലിറ്റി ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.
- കഴിയുന്നതും ഭക്ഷ്യ വിഭവങ്ങൾ ഓൺലൈനിലൂടെ ഓർഡർ ചെയ്തു വാങ്ങിക്കുക.
- ആവശ്യമുള്ള അളവിലും കൂടുതൽ ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കുക.
- ഷോപ്പിംഗ് കേന്ദ്രങ്ങളിൽ നിന്ന് ഭക്ഷ്യ വിഭവങ്ങൾ വാങ്ങുമ്പോൾ ആവശ്യമായ സാധനങ്ങളുടെ ഒരു ലിസ്റ്റ് മുൻകൂറായി തയ്യാറാക്കുക.
- ഡ്രൈ ഫ്രൂട്സ്, നട്സ് മുതലായവ ആദ്യം വാങ്ങുക.
- പഴം, പച്ചക്കറി മുതലായവ മീൻ, ഇറച്ചി മുതലായ പാകം ചെയ്യാത്ത ഭക്ഷ്യവിഭവങ്ങളുമായി ഒരുമിച്ച് വെക്കരുത്.
- സാധനങ്ങൾ മേടിച്ച ശേഷം ബാഗുകൾ, പുറം കവറുകൾ മുതലായവ സുരക്ഷിതമായി കളയുക.
- ഭക്ഷണ സാധനങ്ങൾ അടങ്ങിയ കാനുകൾ വീടുകളിൽ ഉപയോഗിക്കാവുന്ന അണുനാശിനി അടങ്ങിയ പേപ്പർ ഉപയോഗിച്ച് തുടയ്ക്കുക.
- സാധനങ്ങൾ വാങ്ങി വന്ന ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.