ബീച്ചുകളിലെത്തുന്നവർക്കുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ദുബായ് പോലീസ്

UAE

എമിറേറ്റിലെ ബീച്ചുകളിലെത്തുന്ന സ്വദേശികളും, വിദേശികളുമായ സന്ദർശകർ, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ ദുബായ് പോലീസ് പുറത്തുവിട്ടു. ഈ സുരക്ഷാ നിർദ്ദേശങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ഒരു വീഡിയോ, ദുബായ് പോലീസ് തങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിട്ടുണ്ട്.

ജീവിത രീതികൾ സാധാരണ രീതിയിലേക്ക് തിരികെ മടങ്ങാൻ ആരംഭിച്ചെങ്കിലും COVID-19 പ്രതിസന്ധി പൂർണ്ണമായും സമൂഹത്തിൽ നിന്ന് അകന്നിട്ടില്ലെന്ന് ദുബായ് പോലീസ് പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി. മുഴുവൻ സമൂഹത്തിന്റെയും ഒറ്റക്കെട്ടായുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ ഈ മഹാമാരിയെ പ്രതിരോധിക്കാൻ സാധിക്കുകയുള്ളൂ എന്ന് പോലീസ് കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെ, എമിറേറ്റിലെ ജീവിത രീതികൾ പതിയെ സാധാരണ നിലയിലേക്ക് മടങ്ങുന്ന സാഹചര്യത്തിലാണ് ദുബായ് പോലീസ് ഇത്തരം ഒരു സന്ദേശം പുറത്തിറക്കിയത്.

എമിറേറ്റിലെ ബീച്ചുകളിലെത്തുന്ന സന്ദർശകർ താഴെ പറയുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും ദുബായ് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്:

  • ചെറിയ രീതിയിൽ പോലും രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ പൊതു ഇടങ്ങളിൽ നിന്ന് വിട്ടു നിൽക്കണം.
  • ബീച്ചുകളിലെത്തുന്നവർ മുഴുവൻ സമയവും മാസ്കുകൾ ധരിക്കേണ്ടതാണ്. വെള്ളത്തിൽ പ്രവേശിക്കുന്ന സമയത്ത് മാത്രമാണ് ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
  • ഒന്നിലധികം മാസ്കുകൾ കയ്യിൽ കരുതേണ്ടതാണ്.
  • സംഘങ്ങളായി എത്തുന്നവരിൽ, ഒരു സംഘത്തിൽ പരമാവധി 5 പേർക്ക് മാത്രമാണ് ബീച്ചുകളിൽ പ്രവേശിക്കാൻ അനുമതി.
  • ബീച്ചുകളിൽ മുഴുവൻ സമയവും 2 മീറ്റർ എങ്കിലും സമൂഹ അകലം ഉറപ്പാക്കേണ്ടതാണ്.
  • ബീച്ച് സന്ദർശനത്തിനാവശ്യമായ സാധനങ്ങൾ മുൻകൂട്ടി ഒരുക്കിവെക്കാൻ ശ്രമിക്കേണ്ടതാണ്. മറ്റുള്ളവരുമായി സുരക്ഷാ ഉപകരണങ്ങൾ പങ്കിടുന്നത് ഒഴിവാക്കാൻ ഇത് സഹായകമാണ്.
  • പൊതു ഇടങ്ങളിലെ വസ്തുക്കൾ കഴിയുന്നതും കൈകൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കേണ്ടതാണ്.
  • ഇടയ്ക്കിടെ മുഖം, കണ്ണ്, മൂക്ക്, വായ എന്നിവ കൈകൊണ്ട് സ്പർശിക്കുന്ന ശീലം ഒഴിവാക്കേണ്ടതാണ്.
  • ബീച്ചുകൾ സന്ദർശിക്കുന്നവർ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നതിനു മുൻപായി കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് അണുവിമുക്തമാക്കേണ്ടതാണ്.
  • ബീച്ചുകളിൽ നിന്ന് വീടുകളിൽ തിരികെയെത്തിയ ശേഷം, ഉപയോഗിച്ചിരുന്ന പാദരക്ഷകൾ അണുവിമുക്തമാക്കുകയും, ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകിയിടുകയും ചെയ്യേണ്ടതാണ്. കൈകൾ അണുവിമുക്തമാക്കേണ്ടതാണ്.

എമിറേറ്റിലെ ബീച്ചുകളിലെത്തുന്ന സന്ദർശകർക്കിടയിൽ ഇതുവരെ 721 COVID-19 മുൻകരുതൽ നടപടികളിലെ വീഴ്ച്ചകൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് സെപ്റ്റംബർ 23-ന് അറിയിച്ചിരുന്നു.