ദുബായ്: ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കള്‍ ശ്രദ്ധയോടെ സൂക്ഷിക്കാൻ പോലീസ് നിർദ്ദേശം നൽകി

UAE

എമിറേറ്റിലെ ബീച്ചുകൾ സന്ദർശിക്കുന്നവർ തങ്ങളുടെ കൈവശമുള്ള വിലപിടിപ്പുള്ള വസ്‌തുക്കളും മറ്റും ശ്രദ്ധയോടെ സൂക്ഷിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി. ദുബായിലെ ബീച്ചുകളിൽ മോഷണം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള പ്രചാരണ പരിപാടികൾ പൂർണ്ണ വിജയം കൈവരിച്ചത് ചൂണ്ടികാട്ടുന്നതിനിടയിലാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം നൽകിയത്.

ജൂലൈ 23-നാണ് ദുബായ് പോലീസ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. എമിറേറ്റിലെ ബീച്ചുകളിൽ 2019-ന് ശേഷം ഒരു മോഷണ സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടി.

ദുബായ് പോലീസ് നടപ്പിലാക്കിയിട്ടുള്ള പ്രചാരണ പരിപാടികളും, പോലീസിന്റെ ഭാഗത്ത് നിന്നുള്ള തീവ്രമായ സുരക്ഷാ നടപടികളുമാണ് ഇതിലേക്ക് നയിച്ചതെന്ന് പോർട്സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഹസ്സൻ അൽ സുവൈദി വ്യക്തമാക്കി. ഇത്തരം പ്രവർത്തനങ്ങളുടെ ഫലമായി 2020 ജനുവരി മുതൽ 2021 ജൂൺ വരെയുള്ള കാലയളവിൽ ദുബായിലെ ബീച്ചുകളിൽ ഒരു മോഷണ സംഭവം പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ബീച്ചുകൾ സന്ദർശിക്കുന്നവരുടെ അശ്രദ്ധയാണ് പലപ്പോഴും മോഷണങ്ങളിലേക്ക് നയിക്കുന്നത്.”, അദ്ദേഹം വ്യക്തമാക്കി. “പണം, ബാഗുകൾ മുതലായവ കടല്‍ത്തീരത്ത് അശ്രദ്ധയോടെ വെച്ച് പോകുന്നത് പലപ്പോഴും അവ നഷ്ടപ്പെടുന്നതിന് ഇടയാക്കുന്നു. പോലീസ് പട്രോളിംഗ് സംഘങ്ങൾ തുടർച്ചയായി ബീച്ചുകളിൽ നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും, തങ്ങളുടെ കൈവശമുള്ള വിലകൂടിയ വസ്തുക്കൾ ശ്രദ്ധയോടെ സൂക്ഷിക്കാൻ ബീച്ചുകളിലെത്തുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. പണം, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ കടൽത്തീരത്ത് വെച്ച് കൊണ്ട് നീന്താൻ പോകുന്നത് ഒഴിവാക്കാനും അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനായി എമിറേറ്റിലെ ബീച്ചുകളിൽ പ്രത്യേക പട്രോളിംഗ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ദുബായ് പൊലീസിന് കീഴിൽ എട്ട് ബീച്ച് പെട്രോൾ സംഘങ്ങളെയും, രഹസ്യാന്വേഷണ വിഭാഗങ്ങളെയും ബീച്ചുകളിൽ നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പതിനൊന്ന് സൈക്കിൾ പട്രോളിംഗ് വിഭാഗങ്ങളും പ്രവർത്തിച്ച് വരുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Cover Image: WAM