ദുബായ്: സ്റ്റേഡിയങ്ങളിൽ അപകടസാദ്ധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ്

featured GCC News

എമിറേറ്റിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിലെത്തുന്ന കായികപ്രേമികൾ യു എ ഇ നിയമം അനുശാസിക്കുന്ന നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് ദുബായ് പോലീസ് നിർദ്ദേശം നൽകി. കായികമൈതാനങ്ങളുടെയും, കായികമത്സരങ്ങളുടെയും സുരക്ഷ മുൻനിർത്തി ഇത് ഏറെ പ്രധാനമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ദുബായിലെ സ്പോർട്സ് സ്റ്റേഡിയങ്ങളിൽ അപകടസാദ്ധ്യത നിറഞ്ഞ വസ്തുക്കൾ, കരിമരുന്ന്, പെട്ടന്ന് കത്തുന്ന രീതിയിലുള്ള വസ്തുക്കൾ എന്നിവ പ്രവേശിപ്പിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം പ്രവർത്തികൾ മറ്റു കാണികളുടെയും, കളിക്കാരുടെയും, ഉദ്യോഗസ്ഥരുടെയും, കായികമത്സരങ്ങൾ നടക്കുന്ന വേദികളുടെ സമീപങ്ങളിലുള്ളവരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതാണെന്നും, അതിനാൽ ഇത്തരം പ്രവർത്തികൾ കർശനമായി നിരോധിച്ചിട്ടുള്ളതായും പോലീസ് ചൂണ്ടിക്കാട്ടി.

ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ഒന്ന് മുതൽ മൂന്ന് മാസം വരെ തടവും, 5000 മുതൽ 30000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്റ്റേഡിയങ്ങളിൽ അപമര്യാദയായി പെരുമാറുന്നവർക്കും, മത്സരങ്ങൾക്ക് തടസം സൃഷ്ടിക്കുന്നവർക്കും നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്.

സ്റ്റേഡിയങ്ങളിൽ കാണികൾക്ക് നേരെ വസ്തുക്കൾ, അല്ലെങ്കിൽ ദ്രാവകങ്ങൾ വലിച്ചെറിയുക, അസഭ്യം പറയുക, അശ്ലീലചേഷ്ടകൾ പ്രകടിപ്പിക്കുക, വംശീയാധിക്ഷേപം നടത്തുക മുതലായ അക്രമപരമായ പ്രവർത്തികൾ ചെയ്യുന്നവർക്കും, ഇതിന് പ്രേരിപ്പിക്കുന്നവർക്കും, ഇതിൽ പങ്കാളികളാകുന്നവർക്കും കഠിനമായ ശിക്ഷ ലഭിക്കുന്നതാണ്. തങ്ങളുടെ രാഷ്ട്രീയപരമായ ആശയങ്ങൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയായി കായികമത്സരങ്ങളെ ഉപയോഗിക്കുന്നവർക്ക് 10000 മുതൽ 30000 ദിർഹം വരെ പിഴയും തടവും ശിക്ഷയായി ലഭിക്കുന്നതാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ദുബായ് പോലീസ് എല്ലാ കായികമത്സര വേദികൾക്കരികിലും പ്രത്യേക സുരക്ഷാ സേനകളെയും, ട്രാഫിക് പെട്രോൾ വിഭാഗങ്ങളെയും വിന്യസിക്കുന്നതാണെന്നും, ഇത്തരം നിയമലംഘനങ്ങൾ ചെറുക്കുന്നതിന് പോലീസ് പൂർണ്ണസജ്ജമാണെന്നും ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡൻറ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഖൈത്തി അറിയിച്ചു.