ഫൈസർ COVID-19 വാക്സിനിന്റെ പുതിയ ബാച്ച് ദുബായിലെത്തി

GCC News

ഫൈസർ ബയോഎൻടെക് COVID-19 വാക്സിനിന്റെ പുതിയ ബാച്ച് എമിറേറ്റിലെത്തിയതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. ഫെബ്രുവരി 16-ന് വൈകീട്ടാണ് DHA ഇക്കാര്യം അറിയിച്ചത്.

പുതിയതായി ലഭിച്ച വാക്സിൻ ഡോസുകൾ എമിറേറ്റിലെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി കുത്തിവെപ്പ് നൽകുന്ന ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്തതായും DHA കൂട്ടിച്ചേർത്തു. ഫൈസർ ബയോഎൻടെക് COVID-19 കുത്തിവെപ്പ് നൽകുന്ന നടപടികൾ 2020 ഡിസംബർ അവസാനത്തോടെയാണ് ദുബായിൽ ആരംഭിച്ചത്.

നിലവിൽ യു എ ഇ പൗരന്മാർ, പ്രവാസികൾ എന്നിവരിലെ പ്രായമായവർ, വിട്ടുമാറാത്ത ആരോഗ്യപ്രശ്നനങ്ങളുള്ളവർ, പൊതു, സ്വകാര്യ രംഗങ്ങളിലെ നിര്‍ണ്ണായക മേഖലകളിൽ തൊഴിലെടുക്കുന്നവർ മുതലായ വിഭാഗങ്ങൾക്കാണ് ദുബായിൽ വാക്സിൻ നൽകുന്നതെന്ന് DHA ക്ലിനിക്കൽ സപ്പോർട്ട് സർവീസസ് CEO ഡോ. ഫരീദ അൽ ഖാജ വ്യക്തമാക്കി. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ യത്നത്തിൽ പ്രത്യേക മുൻഗണന ഉള്ളതായും അവർ കൂട്ടിച്ചേർത്തു. ദുബായിൽ COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ താത്പര്യമുള്ളവർക്ക് 800342 എന്ന DHA-യുടെ ടോൾ ഫ്രീ നമ്പറിൽ നിന്ന് മുൻ‌കൂർ അനുമതി നേടാവുന്നതാണെന്നും അവർ അറിയിച്ചു.

ഫൈസർ വാക്സിന് പുറമെ, സിനോഫാം വാക്സിൻ, ആസ്ട്രസെനേക്കാ വാക്സിൻ എന്നിവയും നിലവിൽ ദുബായിൽ വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകിവരുന്നുണ്ട്. ഫെബ്രുവരി 16 വരെയുള്ള കാലയളവിൽ യു എ ഇയിൽ ആകെ 5198725 ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകിയിട്ടുണ്ട്.