ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡിൽ തുടർച്ചയായ രണ്ടാം വർഷവും ലോകത്തിന്റെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമെന്ന സ്ഥാനം ദുബായ് നിലനിർത്തി. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
വിനോദസഞ്ചാരത്തിനും ബിസിനസ്സിനും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ദുബായിയുടെ പദവി ഏകീകരിക്കുന്നത് ലക്ഷ്യമിട്ട് കൊണ്ട് അടുത്തിടെ ആരംഭിച്ച ദുബായ് ഇക്കണോമിക് അജണ്ട D33-നെ പിന്തുണയ്ക്കുന്നതാണ് ഈ അംഗീകാരം .
ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഗൈഡൻസ് പ്ലാറ്റ്‌ഫോമായ ട്രിപ്അഡ്‌വൈസർ പ്രഖ്യാപിച്ച ‘ട്രാവലേഴ്‌സ് ചോയ്സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷൻ അവാർഡ് 2023’ പ്രകാരമാണ് ഈ അന്താരാഷ്ട്ര റാങ്കിംഗ്. ദുബായിയെ ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാരകേന്ദ്രവും, താമസിക്കുന്നതിനുള്ള ലോകത്തെ ഏറ്റവം മികച്ച നഗരവുമാക്കി തീർക്കുന്നതിനുള്ള ദുബായ് ഭരണാധികാരി H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകളെ പിന്തുണയ്ക്കുന്നതാണ് തുടർച്ചയായി രണ്ടാം തവണയുമുള്ള ഈ നേട്ടം.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് സഞ്ചാരികൾ ചേർന്നാണ് ട്രിപ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. അവർ ലക്ഷ്യസ്ഥാനങ്ങൾ, പ്രവർത്തനങ്ങൾ, അനുഭവങ്ങൾ എന്നിവയെക്കുറിച്ചുള്ള തങ്ങളുടെ യഥാർത്ഥവും നിഷ്പക്ഷവുമായ അവലോകനങ്ങളും അഭിപ്രായങ്ങളും ഇതിലൂടെ രേഖപ്പെടുത്തുന്നു.
2021 നവംബർ 1 മുതൽ 2022 ഒക്‌ടോബർ 31 വരെയുള്ള 12 മാസത്തെ കാലയളവിലെ സ്വതന്ത്ര അവലോകനങ്ങളുടെയും, യാത്രക്കാരിൽ നിന്നുള്ള റേറ്റിംഗുകളുടെയും, ഗുണനിലവാരം തുടങ്ങിയ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ അവാർഡ് നിർണ്ണയിക്കുന്നത്.
With inputs from WAM.