ദുബായ്: ടാക്സികളിൽ പരമാവധി അനുവദനീയമായ യാത്രികരുടെ എണ്ണത്തിൽ മാറ്റം വരുത്തിയതായി RTA

UAE

എമിറേറ്റിലെ ടാക്സികളിൽ ഒരേസമയം യാത്ര ചെയ്യാവുന്നവരുടെ എണ്ണത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പുതിയ തീരുമാനത്തോടെ ദുബായിലെ ടാക്സികളിലെ പിറകിലെ സീറ്റിൽ 2 മുതിർന്ന യാത്രികരോടൊപ്പം 14 വയസ്സുവരെ പ്രായമുള്ള ഒരു കുട്ടിയെക്കൂടി ഉൾപ്പെടുത്തുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

ഡിസംബർ 26, ശനിയാഴ്ച്ചയാണ് RTA ഇക്കാര്യം അറിയിച്ചത്. 14 വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടിയോടൊപ്പം യാത്ര ചെയ്യുന്ന കുടുംബങ്ങൾക്ക് ഈ തീരുമാനം സഹായകമാകും. COVID-19 വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഡ്രൈവറുടെ അരികിലെ സീറ്റ് ഒഴിച്ചിടാനുള്ള തീരുമാനം തുടരുന്നതാണ്.

കൊറോണ വൈറസ് സാഹചര്യത്തിൽ ദുബായിലെ ടാക്സികളിൽ പിൻസീറ്റിൽ പരമാവധി രണ്ട് പേർക്ക് മാത്രമാണ് ഇതുവരെ യാത്രാനുമതി നൽകിയിരുന്നത്. മൂന്ന് നിര സീറ്റുകളുള്ള ടാക്സി വാനുകളിൽ രണ്ട് നിലകളിലായി 2 പേർ വീതം പരമാവധി നാല് യാത്രികർ എന്ന തീരുമാനത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ല.