പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി മെട്രോ, ട്രാം എന്നിവ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഡിസംബർ 29-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം ദുബായിൽ 2023 ജനുവരി 1-ന് പൊതു പാർക്കിംഗ് സംവിധാനങ്ങൾ (ബഹുനില പാർക്കിംഗ് സംവിധാനങ്ങൾ ഒഴികെ) സൗജന്യമാക്കിയിട്ടുണ്ട്. 2023 ജനുവരി 2, തിങ്കളാഴ്ച മുതൽ പാർക്കിംഗ് ഫീസ് തിരികെ ഏർപെടുത്തുന്നതാണ്.
മെട്രോ:
പുതുവർഷ വേളയിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 43 മണിക്കൂർ തുടർച്ചയായി സേവനങ്ങൾ നൽകുമെന്ന് RTA അറിയിച്ചിട്ടുണ്ട്. 2022 ഡിസംബർ 31, ശനിയാഴ്ച രാവിലെ 5 മണിമുതൽ ആരംഭിക്കുന്ന റെഡ്, ഗ്രീൻ ലൈൻ മെട്രോ സേവനങ്ങൾ 2023 ജനുവരി 2, തിങ്കളാഴ്ച 12:00am വരെ പ്രവർത്തിക്കുന്നതാണ്.
ട്രാം:
2022 ഡിസംബർ 31, ശനിയാഴ്ച രാവിലെ 6 മണിമുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ 2023 ജനുവരി 2, തിങ്കളാഴ്ച 1:00am വരെ പ്രവർത്തിക്കുന്നതാണ്. പുതുവർഷാഘോഷങ്ങളുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് യാത്ര ചെയ്യുന്ന പൊതുജനങ്ങൾക്ക് മികച്ച സേവനങ്ങൾ നല്കുന്നതിനായാണിത്.
RTA സേവനകേന്ദ്രങ്ങൾ:
RTA-യുടെ കീഴിലുള്ള എല്ലാ കസ്റ്റമർ ഹാപ്പിനസ് സേവനകേന്ദ്രങ്ങളും 2023 ജനുവരി 1-ന് അവധിയായിരിക്കും. അവധിയ്ക്ക് ശേഷം ഇവയുടെ പ്രവർത്തനം 2023 ജനുവരി 2 മുതൽ പുനരാരംഭിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.
ദുബായ് ബസ്:
ദുബായ് ബസ് സർവീസുകൾ 2023 ജനുവരി 1-ന് രാവിലെ 6 മണിമുതൽ പിറ്റേന്ന് 1:00am വരെ പ്രവർത്തിക്കുന്നതാണ്.