ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന പാലം നിർമ്മിക്കുന്നതിനായി 431 മില്യൺ ദിർഹം മൂല്യമുള്ള കരാർ നൽകിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ജൂൺ 30-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഷമാൽ ഹോൾഡിങ് എന്ന സ്ഥാപനവുമായി ചേർന്നാണ് RTA ഈ പാലം നിർമ്മിക്കുന്നത്. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ദുബായ് ഹാർബർ വരെ ഇരുവശത്തേക്കും ഒന്നര കിലോമീറ്റർ നീളത്തിൽ രണ്ട് വരികൾ വീതമുള്ള രീതിയിലാണ് ഈ പാലം ഒരുക്കുന്നത്.
ദുബായ് ഹാർബർ പ്രദേശത്തേക്കുള്ള പ്രധാന എൻട്രി-എക്സിറ്റ് പോയിന്റായി പ്രവർത്തിക്കുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്. നിലവിൽ ഈ മേഖലയിലേക്ക് യാത്ര ചെയ്യുന്നതിനായി വേണ്ടിവരുന്ന 12 മിനിറ്റ് യാത്രാസമയം കേവലം 3 മിനിറ്റാക്കി ചുരുക്കുന്നതിന് ഈ പുതിയ പാലം സഹായകമാകുന്നതാണ്.
ദുബായ് ഹാർബറിനെ ഷെയ്ഖ് സായിദ് റോഡുമായി ബന്ധിപ്പിക്കുന്നതിനായി ഒരു പുതിയ പാലം നിർമ്മിക്കുന്നതിന് തീരുമാനിച്ചതായി RTA കഴിഞ്ഞ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു.
ഇരുവശത്തേക്കും മണിക്കൂറിൽ 6000 വാഹനങ്ങളെ വരെ ഉൾക്കൊള്ളാനാകുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്.
ഈ പദ്ധതി അൽ നസീം സ്ട്രീറ്റ്, അൽ ഫലഖ് സ്ട്രീറ്റ് എന്നിവ തമ്മിലുള്ള ഇന്റർസെക്ഷനിലൂടെ കടന്ന് പോകുന്നതും, കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സഊദ് സ്ട്രീറ്റ് ഇന്റർസെക്ഷൻ മുറിച്ച് കടക്കുന്നതുമാണ്.
Cover Image: Dubai RTA.