ദുബായ്: 10 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

featured GCC News

10 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി (ADNOC) സഹകരിച്ച് കൊണ്ട് നിർമ്മിക്കാനിരിക്കുന്ന 16 ട്രക്ക് റസ്റ്റ് സ്റ്റോപ്പുകളിൽ 10 എണ്ണത്തിൻ്റെ നിർമ്മാണമാണ് RTA ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്.

ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ്, ദുബായ് – ഹത്ത റോഡ്, ദുബായ് – അൽ ഐൻ റോഡ്, ജബൽ അലി – ലെഹ്ബാബ് റോഡ്, അൽ ആവിർ റോഡ് എന്നിവയുൾപ്പെടെ ആറ് പ്രധാന സ്ഥലങ്ങളിലായാണ് ഈ വിശ്രമകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നത്. ദിനം പ്രതി ഏറ്റവും കൂടുതൽ ട്രക്ക് വാഹനങ്ങളുടെ തിരക്ക് അനുഭവപ്പെടുന്ന മേഖലകളാണിവ.

ഏതാണ്ട് 75,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന ഈ വിശ്രമകേന്ദ്രങ്ങളിൽ 5,000-ലധികം ട്രക്കുകൾക്കും ഹെവി വാഹനങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതാണ്. 700 പാർക്കിംഗ് സ്ലോട്ടുകൾ, സേവന സൗകര്യങ്ങൾ, പ്രാർത്ഥനാ മുറികൾ, ഡീസൽ ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷനുകൾ, ഡ്രൈവർ വിശ്രമമുറികൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഈ കേന്ദ്രങ്ങൾ.

ഇതിൽ ഓരോ റസ്റ്റ് ഏരിയയും അയ്യായിരം മുതൽ പതിനായിരം വരെ ചതുരശ്ര മീറ്റർ വിസ്തൃതിയുള്ളവയാണ്. ഇവയിൽ ഓരോന്നിലും ഒരേസമയം മുപ്പത് മുതൽ നാല്പത്തഞ്ച് ട്രക്കുകൾ, വലിയ വാഹനങ്ങൾ എന്നിവ നിർത്തിയിടാവുന്നതാണ്.

പ്രധാന റോഡുകളിലും പാർപ്പിട പ്രദേശങ്ങളിലും ട്രക്ക് പാർക്കിംഗ് ഒഴിവാക്കുന്നതിനും, ട്രക്ക് നിരോധന കാലയളവിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ഡ്രൈവർമാർക്കിടയിൽ ട്രാഫിക് അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.