എമിറേറ്റിലെ മൂന്ന് പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 നവംബർ 13-നാണ് RTA ഇക്കാര്യം അറിയിച്ചത്.
അൽ ഖൂസ് 2, നാദ് അൽ ഷേബ 2, അൽ ബർഷാ സൗത്ത് 3 എന്നീ പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങളാണ് RTA പൂർത്തിയാക്കിയിരിക്കുന്നത്. ഈ മേഖലകളിലെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി ആകെ 37 കിലോമീറ്റർ നീളമുള്ള ആഭ്യന്തര റോഡുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്.
ഈ പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ എഴുപത് ശതമാനം പൂർത്തിയായതായി 2022 ജൂലൈ 17-ന് RTA അറിയിച്ചിരുന്നു.
മർഘാം, ലാഹ്‌ബാബ്, അൽ ലെസെലി, ഹത്ത എന്നീ പാർപ്പിട മേഖലകളിലെ ആഭ്യന്തര റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്ന നടപടികൾ എന്നിവ ആരംഭിച്ചതായും RTA അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാഗമായി RTA 21 കിലോമീറ്റർ നീളമുള്ള ആഭ്യന്തര റോഡുകൾ നിർമ്മിക്കുന്നതും, 16 കിലോമീറ്റർ നീളമുള്ള നിലവിലെ റോഡുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതുമാണ്. 2023 ആദ്യത്തോടെ ഈ പദ്ധതി പൂർത്തിയാക്കുന്നതിനാണ് RTA ലക്ഷ്യമിടുന്നത്.