റാസ് അൽ ഖോർ – നാദ് അൽ ഹമർ റോഡുകളെ ബന്ധിപ്പിക്കുന്ന ഫ്ലൈഓവർ നിർമ്മാണം പൂർത്തിയാക്കി തുറന്നു കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഫെബ്രുവരി 19-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ ഫ്ലൈഓവർ തുറന്ന് കൊടുത്തിരിക്കുന്നത്.
റാസ് അൽ ഖോർ റോഡ്, നാദ് അൽ ഹമർ റോഡ് എന്നിവയുടെ ഇന്റർസെക്ഷനിൽ നിന്ന് റാസ് അൽ ഖോർ റോഡ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൻറെ ഇന്റർസെക്ഷനുമായി ചേരുന്ന മേഖലവരെയുള്ള ഭാഗമാണ് ഈ പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി പണിതീർത്തത്.
ഇതിന്റെ ഭാഗമായി അകെ 1471 മീറ്റർ നീളത്തിൽ പാലങ്ങളും, അണ്ടർപാസുകളും നിർമ്മിച്ചിട്ടുണ്ട്. മണിക്കൂറിൽ 30000 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന രീതിയിലാണ് ഈ നിർമ്മാണം.
ഷെയ്ഖ് റാഷിദ് ബിൻ സയീദ് കോറിഡോർ പ്രൊജക്റ്റിന്റെ ഇരു ഘട്ടങ്ങളിലുമായി റാസ് അൽ ഖോർ റോഡ് ദുബായ് – അൽ ഐൻ റോഡുമായി ചേരുന്ന ഇന്റർസെക്ഷനിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇന്റർസെക്ഷൻ വരെയുള്ള എട്ട് കിലോമീറ്റർ നീളത്തിൽ റാസ് അൽ ഖോർ റോഡിന്റെ വീതി കൂട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആകെ രണ്ട് കിലോമീറ്റർ നീളമുള്ള പാലങ്ങൾ പണിതീർത്തിട്ടുണ്ട്.
ഇതോടൊപ്പം റോഡിന് ഇരുവശത്തേക്കും സർവീസ് റോഡ് നിർമ്മിച്ചിട്ടുണ്ട്. മേഖലയിലൂടെ സഞ്ചരിക്കുന്നതിന് ആവശ്യമാകുന്ന സമയം ഇരുപത് മിനിറ്റിൽ നിന്ന് ഏഴ് മിനിറ്റാക്കി കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്.
ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2022 ഡിസംബർ 25-ന് RTA തുറന്ന് കൊടുത്തിരുന്നു.
Cover Image: Dubai RTA.