ദുബായ്: ഷെയ്ഖ് റാഷിദ് റോഡിൽ പുതിയ പാലം തുറന്ന് കൊടുത്തതായി RTA

GCC News

ഷെയ്ഖ് റാഷിദ് റോഡിൽ ഒരു പുതിയ രണ്ട് വരി പാലം തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ജനുവരി 12-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

അൽ ഷിന്ദഗാ കോറിഡോർ വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് ഈ പാലം നിർമ്മിച്ചിരിക്കുന്നത്.

Source: Dubai Media Office.

അൽ മിന സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് റോഡ് എന്നിവയുടെ ഇന്റർസെക്ഷൻ മുതൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഷെയ്ഖ് റാഷിദ് റോഡ് എന്നിവയുടെ ഇന്റർസെക്ഷൻ വരെയുള്ള മേഖലയിൽ ട്രാഫിക് സുഗമമാക്കുന്നതിന് ഈ പാലം സഹായകമാണ്.

Source: Dubai Media Office.

605 മീറ്റർ നീളത്തിലുള്ള ഈ രണ്ട് വരി പാലത്തിലൂടെ മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്ന് പോകാവുന്നതാണ്.

അൽ ഷിന്ദഗാ കോറിഡോർ വികസന പദ്ധതിയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി ആകെ 3.1കിലോമീറ്റർ ദൈർഘ്യമുള്ള നാല് പാലങ്ങളാണ് നിർമ്മിക്കുന്നത്. ഇതിലെ ആദ്യ പാലം നേരത്തെ തുറന്ന് കൊടുത്തിരുന്നു. ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചിട്ടുള്ള രണ്ടാമത്തെ പാലമാണ് ഇപ്പോൾ തുറന്ന് കൊടുത്തിട്ടുള്ളത്.