റാസ് അൽ ഖോർ റോഡിൽ കാൽനട യാത്രികർക്കുള്ള രണ്ട് പുതിയ മേൽപ്പാലങ്ങൾ നിർമ്മാണം പൂർത്തിയാക്കി തുറന്ന് കൊടുത്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഒക്ടോബർ 11-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ട്രാഫിക് സുരക്ഷ, കാൽനട യാത്രികരുടെ സുരക്ഷ മുതലായവ കണക്കിലെടുത്താണ് ഈ നടപടി. അലാറം, അഗ്നിശമന ഉപകരണങ്ങൾ, നിരീക്ഷണ സംവിധാനം, ബൈക്ക് റാക്കുകൾ എന്നിവ ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളോടെയാണ് ഈ മേൽപ്പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്.
ക്രീക്ക് ഹാർബർ, റാസ് അൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് 174 മീറ്റർ നീളമുള്ള ഇതിലെ ആദ്യ പാലം. 101 മീറ്റർ നീളമുള്ള രണ്ടാമത്തെ മേൽപ്പാലം റാസ് അൽ ഖോർ റോഡിൽ മർഹബ മാൾ, നദ് അൽ ഹമറിലെ വാസിൽ കോംപ്ലക്സ് എന്നിവയുടെ എതിർവശത്തായാണ് നിർമ്മിച്ചിരിക്കുന്നത്.
Cover Image: Dubai RTA.