2023-നെ വരവേൽക്കുന്നതിനുള്ള ആഘോഷപരിപാടികളുമായി ബന്ധപ്പെട്ട് എമിറേറ്റിലെ റോഡുകളിൽ സുരക്ഷിതവും, സുഗമവുമായ ട്രാഫിക് ഉറപ്പ് വരുത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 ഡിസംബർ 29-നാണ് RTA ഇക്കാര്യം അറിയിച്ചത്.
പുതുവർഷാഘോഷങ്ങൾ സുരക്ഷിതമാക്കുന്നതിനായി നഗരത്തിലുടനീളം പതിനായിരം സി സി ടിവി കാമറകൾ ഉപയോഗപ്പെടുത്തുമെന്ന് ദുബായ് പോലീസ്, RTA-യുടെ കീഴിലുള്ള എന്റർപ്രൈസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ അധികൃതർ വ്യക്തമാക്കി.
തടസ്സമില്ലാത്ത ട്രാഫിക് ഉറപ്പ് വരുത്തുന്നതിനായി ബുർജ് ഖലീഫ മേഖല ഉൾപ്പെടെ നഗരത്തിലെ വിവിധ ഇടങ്ങളിൽ ദുബായ് പോലീസ്, RTA, സിവിൽ ഡിഫൻസ്, ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവരുടെ സംയുക്ത സംഘങ്ങളെ നിയോഗിക്കുന്നതാണ്.
പുതുവർഷ വേളയിൽ ബുർജ് ഖലീഫയിൽ നടക്കുന്ന കരിമരുന്ന് പ്രദർശനം കാണുന്നതിനായി എത്തുന്നവർക്ക് ദുബായ് മെട്രോ ഉപയോഗിച്ച് കൊണ്ട് മൂന്ന് റൂട്ടുകൾ പ്രയോജനപ്പെടുത്താമെന്നും RTA അറിയിച്ചു. ബുർജ് ഖലീഫ സ്റ്റേഷനിൽ നിന്ന് ഐലൻഡ് പാർക്ക്, ടവർ വ്യൂ മേഖലകളിലേക്ക് സഞ്ചരിക്കുന്ന കുടുംബങ്ങൾക്ക് ഉപയോഗിക്കാനുള്ള ഒരു പ്രത്യേക പാത ഒരുക്കിയിട്ടുണ്ടെന്നും, ബുർജ് ഖലീഫ സ്റ്റേഷനിൽ നിന്ന് സൗത്ത് റിഡ്ജ് പ്രദേശത്തേക്ക് സഞ്ചരിക്കുന്നവർക്ക് മറ്റൊരു പാത ഒരുക്കിയിട്ടുണ്ടെന്നും RTA വ്യക്തമാക്കി.ഇതിന് പുറമെ, ഫിനാൻഷ്യൽ സെന്റർ സ്റ്റേഷനിൽ നിന്നും, ബിസിനസ് ബേ സ്റ്റേഷനിൽ നിന്നും ബുർജ് ഖലീഫ പ്രദേശത്തേക്ക് എത്തിച്ചേരാവുന്നതാണ്.
ബുർജ് ഖലീഫ സ്റ്റേഷൻ, ദുബായ് മാളുമായി ബന്ധിപ്പിക്കുന്ന മെട്രോ ലിങ്ക് എന്നിവ ഡിസംബർ 31-ന് വൈകീട്ട് അഞ്ച് മണിക്ക് അടയ്ക്കുമെന്നും (സ്റ്റേഷന്റെ പരമാവധി ശേഷിയിൽ കൂടുതൽ യാത്രികർ എത്തുന്ന സാഹചര്യത്തിൽ ഇതിലും നേരത്തെ അടയ്ക്കുന്നതാണ്.) അധികൃതർ അറിയിച്ചിട്ടുണ്ട്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബുലവാർഡ് ഡിസംബർ 31-ന് വൈകീട്ട് 4 മണിക്ക് (പാർക്കിംഗ് ഏരിയ നിറയുന്ന സാഹചര്യത്തിൽ ഇതിലും നേരത്തെ അടയ്ക്കുന്നതാണ്.) അടയ്ക്കുന്നതാണ്. ഫിനാൻഷ്യൽ സെന്റർ റോഡിൻറെ ലോവർ ഡെക്ക് ഡിസംബർ 31-ന് വൈകീട്ട് 4 മണിക്കും, അൽ സുകൂക് സ്ട്രീറ്റ് ഡിസംബർ 31-ന് രാത്രി 8 മണിക്കും അടയ്ക്കുന്നതാണ്.
ഔദ് മേത്ത റോഡിൽ നിന്ന് ബുർജ് ഖലീഫ ഡിസ്ട്രിക്ടിലേക്കുള്ള അൽ അസയേൽ റോഡ് ഡിസംബർ 31-ന് വൈകീട്ട് 4 മണിക്ക് അടയ്ക്കുന്നതാണ്. ഈ റോഡിൽ പിന്നീട് പൊതു ഗതാഗതത്തിനുള്ള ബസുകൾ, എമർജൻസി വാഹനങ്ങൾ എന്നിവ മാത്രമാണ് അനുവദിക്കുന്നത്. ഡിസംബർ 31-ന് വൈകീട്ട് 4 മണി മുതൽ അൽ മുസ്താഖ്ബൽ റോഡ് (2nd സാബീൽ റോഡ്, അൽ മെയ്ദാൻ റോഡ് എന്നിവയ്ക്കിടയിൽ) അടയ്ക്കുന്നതാണ്.
പുതുവർഷ വേളയിൽ ദുബായ് മെട്രോയുടെ റെഡ്, ഗ്രീൻ ലൈനുകൾ 43 മണിക്കൂർ തുടർച്ചയായി സേവനങ്ങൾ നൽകുമെന്ന് RTA അറിയിച്ചിട്ടുണ്ട്. 2022 ഡിസംബർ 31, ശനിയാഴ്ച രാവിലെ 5 മണിമുതൽ ആരംഭിക്കുന്ന റെഡ്, ഗ്രീൻ ലൈൻ മെട്രോ സേവനങ്ങൾ 2023 ജനുവരി 2, തിങ്കളാഴ്ച 12:00am വരെ പ്രവർത്തിക്കുന്നതാണ്.
2022 ഡിസംബർ 31, ശനിയാഴ്ച രാവിലെ 6 മണിമുതൽ ആരംഭിക്കുന്ന ട്രാം സേവനങ്ങൾ 2023 ജനുവരി 2, തിങ്കളാഴ്ച 1:00am വരെ പ്രവർത്തിക്കുന്നതാണ്.
പുതുവർഷ പരിപാടികൾ നടക്കുന്ന വിവിധ ഇടങ്ങളിൽ നിന്ന് അടുത്തുള്ള മെട്രോ സ്റ്റേഷനുകളിലേക്കും, കാർ പാർക്കിംഗ് ഇടങ്ങളിലേക്കും യാത്രികരെ എത്തിക്കുന്നതിനായി 210 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് RTA അറിയിച്ചിട്ടുണ്ട്. ഈ പ്രത്യേക സൗജന്യ ബസ് സർവീസുകൾ താഴെ പറയുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്:
- ബുർജ് ഖലീഫ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ വാസൽ ക്ലബ്, മാക്സ് ഫാഷൻ മെട്രോ സ്റ്റേഷൻ, ദെയ്‌റ സിറ്റി സെന്റർ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിലൂടെ ഫിനാൻഷ്യൽ സെന്റർ ദിശയിൽ.
- ബുർജ് ഖലീഫ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ സഫ മെട്രോ സ്റ്റേഷനിലേക്ക് സഞ്ചരിക്കുന്നവർക്കായി ഷെയ്ഖ് സായിദ് റോഡിലൂടെ അബുദാബി ദിശയിൽ.
- ഫിനാൻഷ്യൽ റോഡിൽ നിന്ന് അൽ വാസൽ ക്ലബ്, ദെയ്‌റ സിറ്റി സെന്റർ, ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് എന്നിവിടങ്ങളിലെ പാർക്കിംഗ് മേഖലകളിലേക്ക്.
- ബുർജ് ഖലീഫ സ്ട്രീറ്റിൽ ദെയ്‌റ സിറ്റി സെന്റർ മെട്രോ സ്റ്റേഷനിലേക്ക്.
- ബിസിനസ് ബേ മെട്രോ സ്റ്റേഷനിൽ നിന്ന് ഷെയ്ഖ് സായിദ് റോഡിലൂടെ ദെയ്‌റ സിറ്റി സെന്റർ മെട്രോ സ്റ്റേഷനിലേക്ക്.
പൊതുഗതാഗത സംവിധാനങ്ങൾ സംബന്ധിച്ച സംശയനിവാരണത്തിനായി പൊതുജനങ്ങൾക്ക് 800-9090 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.