എമിറേറ്റിലെ ദുബായ് ക്രീക്കിൽ സ്ഥിതി ചെയ്യുന്ന നാല് പരമ്പരാഗത അബ്ര സ്റ്റേഷനുകൾ നവീകരിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഓഗസ്റ്റ് 31-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
അബ്ര ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ മികച്ച സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായും, ജലഗതാഗത മേഖലയിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ബർ ദുബായ് സ്റ്റേഷന്റെ ശേഷി 33 ശതമാനം വർധിപ്പിച്ചിട്ടുണ്ട്.
“ദുബായിലെ ജലഗതാഗത മേഖലയിൽ പൂർണ്ണമായ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.” RTA ഡയറക്ടർ ജനറൽ മതർ അൽ തയർ അറിയിച്ചു.
ബർ ദുബായ് മോഡൽ സ്റ്റേഷൻ, ദെയ്‌റ ഓൾഡ് സൂഖ് സ്റ്റേഷൻ, ദുബായ് ഓൾഡ് സൂഖ് സ്റ്റേഷൻ, സബ്ക സ്റ്റേഷൻ എന്നിവയാണ് ഇതിന്റെ ഭാഗമായി നവീകരിച്ചിരിക്കുന്നത്.