യു എ ഇ ദീർഘകാല ബഹിരാകാശയാത്ര: സുൽത്താൻ അൽ നെയാദിയുടെ ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റി വെച്ചതായി നാസ

UAE

എമിറാത്തി ബാഹ്യാകാശയാത്രികനായ സുൽത്താൻ അൽ നെയാദി അടങ്ങുന്ന ബഹിരാകാശ സംഘത്തിന്റെ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് ഭൂമിയിലേക്കുള്ള മടക്കയാത്ര മാറ്റി വെച്ചതായി നാസ അറിയിച്ചു. 2023 സെപ്റ്റംബർ 1-നാണ് നാസ ഇക്കാര്യം സ്ഥിരീകരിച്ചത്.

അൽ നെയാദി അടക്കമുള്ള ദൗത്യസംഘത്തെ വഹിച്ച് കൊണ്ടുള്ള ഡ്രാഗൺ ബഹിരാകാശപേടകം 2023 സെപ്റ്റംബർ 2-ന് ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപ്പെടുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ മോശം കാലാവസ്ഥയെത്തുടർന്ന് ഭൂമിയിലേക്കുള്ള ഈ മടക്കയാത്ര മാറ്റി വെച്ചതായി നാസ അറിയിക്കുകയായിരുന്നു.

ഡ്രാഗൺ ബഹിരാകാശപേടകം ഭൂമിയിൽ ഇറങ്ങാനിരുന്ന അമേരിക്കയിലെ ഫ്ലോറിഡ തീരത്തിന് സമീപം ഉടലെടുത്തിട്ടുള്ള മോശം കാലാവസ്ഥയെത്തുടർന്നാണിത്.

കാലാവസ്ഥ അനുകൂലമാകുന്ന സാഹചര്യത്തിൽ താഴെ പറയുന്ന രീതിയിലായിരിക്കും ഡ്രാഗൺ ബഹിരാകാശപേടകത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്രയെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്.

  • 2023 സെപ്റ്റംബർ 3-ന് ഡ്രാഗൺ ബഹിരാകാശപേടകം ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്ന് വേർപ്പെടുന്നതാണ്.
  • 2023 സെപ്റ്റംബർ 4-ന് ഡ്രാഗൺ ബഹിരാകാശപേടകം അമേരിക്കയുടെ ഫ്ലോറിഡ തീരത്തിന് സമീപം കടലിൽ ഇറങ്ങുന്നതാണ്.

കാലാവസ്ഥ അനുകൂലമല്ലെങ്കിൽ മേല്പറഞ്ഞ സമയക്രമത്തിൽ മാറ്റം വരുന്നതാണ്.