റൂട്ട് 2020 മെട്രോ സ്റ്റേഷനുകളുമായി ബന്ധപ്പെടുത്തുന്ന രണ്ട് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ, 2021 ജനുവരി 1 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ദുബായ് മെട്രോയുടെ റൂട്ട് 2020-യുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും, ജനങ്ങൾക്ക് കൂടുതൽ സുഗമമായി ഈ റൂട്ടിലെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഈ തീരുമാനം സഹായകമാണ്.
2021 ജനുവരി 1 മുതൽ താഴെ പറയുന്ന പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകളാണ് RTA പ്രഖ്യാപിച്ചിട്ടുള്ളത്:
- റൂട്ട് F45 – അൽ ഫുർജൻ മെട്രോ സ്റ്റേഷനിൽ നിന്ന് ഡിസ്കവറി ഗാർഡൻ വരെ. തിരക്കേറിയ സമയങ്ങളിൽ ഓരോ 20 മിനിറ്റ് ഇടവേളകളിലും ഈ സർവീസ് നടത്തുന്നതാണ്.
- റൂട്ട് F56 – ദുബായ് ഇന്റർനെറ്റ് സിറ്റി സ്റ്റേഷനിൽ നിന്ന് അൽ ഖൈൽ മെട്രോ സ്റ്റേഷനിലേക്ക്. തിരക്കേറിയ സമയങ്ങളിൽ ഓരോ 15 മിനിറ്റ് ഇടവേളകളിലും ഈ സർവീസ് നടത്തുന്നതാണ്.
ഈ മെട്രോ ലിങ്ക് ബസ് സർവീസുകൾ ആരംഭിക്കുന്നതിലൂടെ പൊതു ഗതാഗത സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ദുബായിലെ ജനങ്ങളിലേക്കെത്തിക്കാൻ RTA ലക്ഷ്യമിടുന്നു. അതേ സമയം, റൂട്ട് 85(ദുബായ് ഇന്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷൻ മുതൽ ഡിസ്കവറി ഗാർഡൻസ് വരെ), റൂട്ട് F42 (ഇബ്ൻ ബത്തൂത്ത മെട്രോ സ്റ്റേഷൻ മുതൽ ഡിസ്കവറി ഗാർഡൻസ് വരെ) എന്നീ ബസ് റൂട്ടുകൾ 2021 ജനുവരി 1 മുതൽ നിർത്തലാക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.
പുതുവർഷാഘോഷങ്ങളുടെ വേളയിൽ പൊതുസമൂഹത്തിനു കൂടുതൽ യാത്രാ സേവനങ്ങൾ നൽകുന്നതിനായി ദുബായ് മെട്രോ 2021 ജനുവരി 1-ന് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.