ഡിസംബർ 27, ഞായറാഴ്ച്ച മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്കുള്ള രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകൾ പുനരാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. ഡിസംബർ 24-ന് വൈകീട്ടാണ് RTA ഈ വിവരം അറിയിച്ചത്. ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയുമായി സംയുക്തമായാണ് ദുബായ് RTA ഈ തീരുമാനം നടപ്പിലാക്കുന്നത്.
താഴെ പറയുന്ന രണ്ട് ഇന്റർസിറ്റി ബസ് റൂട്ടുകളിലാണ് ഡിസംബർ 27 മുതൽ ദുബായിൽ നിന്ന് ഷാർജയിലേക്ക് സർവീസ് പുനരാരംഭിക്കുന്നത്:
- റൂട്ട് E306 – ദുബായിലെ അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്, അൽ മംസാർ വഴിയുള്ള സർവീസ്. ഈ റൂട്ടിൽ ഓരോ 20 മിനിറ്റ് കൂടുമ്പോഴും സർവീസ് നടത്തുന്നതിനായി ആറ് ഡബിൾ ഡെക്കർ ബസുകളാണ് ഉപയോഗിക്കുന്നതെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
- റൂട്ട് E307 – ദുബായിലെ ദെയ്റ സെന്റർ ബസ് സ്റ്റേഷനിൽ നിന്ന് ഷാർജയിലെ അൽ ജുബൈൽ ബസ് സ്റ്റേഷനിലേക്ക്, അൽ ഇത്തിഹാദ് റോഡിലൂടെയുള്ള സർവീസ്. ഈ റൂട്ടിൽ ഓരോ 20 മിനിറ്റ് കൂടുമ്പോഴും സർവീസ് നടത്തുന്നതിനായി ആറ് ഡബിൾ ഡെക്കർ ബസുകളാണ് ഉപയോഗിക്കുന്നത്.
ഏതാണ്ട് 1500-ൽ പരം ബസ് യാത്രികർ വീതം ദിനവും യാത്രചെയ്യുന്ന റൂട്ടുകളാണിവ. COVID-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ മുൻകരുതലുകൾ കൃത്യമായി പാലിക്കാൻ യാത്രികരോട് RTA ആവശ്യപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച്ച മുതൽ E307A, E400 എന്നീ ബസ് റൂട്ടുകൾ അൽ ഇത്തിഹാദ് റോഡ് ഉപയോഗിക്കുന്നതിന് പകരം, അൽ മംസാറിലെ ബസ് സർവീസിനായി നിജപ്പെടുത്തിയിട്ടുള്ള പാതയിലൂടെ വഴിതിരിച്ച് വിടുമെന്നും RTA അറിയിച്ചിട്ടുണ്ട്.
Cover Photo: @rta_dubai