ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉൾപ്പടെയുള്ള സോഫ്റ്റ് മൊബിലിറ്റി വാഹനങ്ങൾ നടത്തുന്ന നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി സ്മാർട്ട് റോബോട്ട് സംവിധാനം പ്രയോജനപ്പെടുത്താൻ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തീരുമാനിച്ചു. ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഇതിനായി റോബോട്ടിക്‌സ് മേഖലയിൽ പ്രവർത്തിക്കുന്ന ടെർമിനസ് ഗ്രൂപ്പുമായി സഹകരിക്കുന്നതിനുള്ള ഒരു ധാരണാപത്രത്തിൽ RTA ഒപ്പ് വെച്ചിട്ടുണ്ട്. RTA ചെയർമാൻ മതർ അൽ തയറിന്റെ സാന്നിധ്യത്തിലാണ് ഈ ധാരണാപത്രത്തിൽ ഇരുകൂട്ടരും ഒപ്പ് വെച്ചത്.
ഈ കരാർ പ്രകാരം, എമിറേറ്റിലെ ഇലക്ട്രിക് സ്‌കൂട്ടർ, സൈക്കിൾ മുതലായവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനായി ഒരു സ്മാർട്ട് റോബോട്ടിന്റെ സഹായം പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതാണ്. 2024 മാർച്ച് മുതൽ ഈ സ്മാർട്ട് റോബോട്ട് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കുമെന്ന് RTA അറിയിച്ചു.
ദുബായ് പോലീസുമായി സഹകരിച്ചാണ് ഈ സംവിധാനത്തിലൂടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നത്. ആദ്യ ഘട്ടത്തിൽ ജുമേയറാഹ് 3 ബീച്ച് മേഖലയിലാണ് ഈ റോബോട്ട് പ്രവർത്തിപ്പിക്കുന്നത്.
ഹെൽമറ്റ് ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങളില്ലാതെയുള്ള ഇത്തരം വാഹനങ്ങളുടെ ഉപയോഗം കണ്ടെത്തുന്നതിനും, അനുമതിയില്ലാത്ത ഇടങ്ങളിൽ ഇത്തരം വാഹനങ്ങൾ നിർത്തിയിടുന്നതും, ഉപേക്ഷിക്കുന്നതും നിരീക്ഷിക്കുന്നതിനും ഈ റോബോട്ട് ഉപയോഗിച്ച് കൊണ്ട് സാധിക്കുന്നതാണ്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഈ സ്മാർട്ട് റോബോട്ട് ഇലക്ട്രിക് സ്‌കൂട്ടർ, സൈക്കിൾ മുതലായവയിൽ ഒന്നിലധികം പേർ യാത്ര ചെയ്യുന്നതും, കാൽനടയാത്രികർക്കുള്ള മേഖലകളിലൂടെ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നതും, ഇത്തരം വാഹനങ്ങൾ കൂട്ടം ചേർന്ന് ഓടിക്കുന്നതും ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും പോലീസിനെ സഹായിക്കുന്നതാണ്.
WAM