റാസ് അൽ ഖോർ റോഡിൻറെ ഒരു മേഖലയിൽ നടന്ന് വന്നിരുന്ന റോഡ് വീതികൂട്ടുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 മാർച്ച് 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
റാസ് അൽ ഖോർ റോഡിൽ ബു കദ്ര ഇന്റർസെക്ഷൻ മുതൽ അൽ ഖൈൽ റോഡ് ഇന്റർസെക്ഷൻ വരെയുള്ള മൂന്ന് കിലോമീറ്റർ മേഖലയിലാണ് ഈ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. ഈ മേഖലയിൽ ഇരുവശത്തേക്കും റോഡ് മൂന്ന് വരിയിൽ നിന്ന് നാല് വരിയാക്കി ഉയർത്തിയിട്ടുണ്ട്.
ഇതോടെ റാസ് അൽ ഖോർ റോഡിൽ ഇരുവശത്തേക്കുമുള്ള ട്രാഫിക് കൂടുതൽ സുഗമമാകുന്നതാണ്. റോഡ് വീതിക്കൂട്ടിയതോടെ ഇരുവശത്തേക്കും മണിക്കൂറിൽ എണ്ണായിരം വാഹനങ്ങൾക്ക് (നേരത്തെ ഇത് മണിക്കൂറിൽ ആറായിരമായിരുന്നു) ഇതിലൂടെ കടന്ന് പോകാവുന്നതാണ്. യാത്രാ സമയം ഏതാണ്ട് 33 ശതമാനം കുറയ്ക്കുന്നതിനും ഇതോടെ സാധിക്കുന്നതാണ്.
റാസ് അൽ ഖോർ റോഡിൽ നിന്ന് ദുബായ് – അൽ ഐൻ റോഡിലേക്ക് പോകുന്ന പാതകൾ ഏപ്രിൽ മുതൽ ഒരു വരിയിൽ നിന്ന് രണ്ട് വരിയാക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.
WAM