എക്സ്പോ 2020: ദുബായ് ഭരണാധികാരി എസ്റ്റോണിയ, ലക്സംബർഗ്‌ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി എസ്റ്റോണിയ, ലക്സംബർഗ്‌ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. 2022 മാർച്ച് 21-നാണ് അദ്ദേഹം ഈ പവലിയനുകൾ സന്ദർശിച്ചത്.

എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം മൊബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന എസ്റ്റോണിയയുടെ പവലിയൻ സന്ദർശിച്ചു. ഈ പവലിയനിൽ വെച്ച് അദ്ദേഹം എസ്റ്റോണിയയുടെ പ്രസിഡണ്ട് അലർ കരിസുമായി കൂടിക്കാഴ്ച്ച നടത്തി. ഡിജിറ്റൽ ഗോവെർനൻസ്, ഡിജിറ്റൽ ഇക്കോണമി തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

Source: Dubai Media Office.

ഇ-സർവീസസ്, ഭാവി സാങ്കേതികവിദ്യകൾ, മറ്റു വികസിത മേഖലകൾ എന്നിവയിലെ സഹകരണം സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു. രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ള ഇ-ഗോവെർനൻസ്, ഇ- സർവീസസ് എന്നിവ മനസിലാക്കുന്നതിന് എസ്റ്റോണിയയുടെ പവലിയൻ സന്ദർശകർക്ക് അവസരം നൽകുന്നു.

എസ്റ്റോണിയ ഉപയോഗപ്പെടുത്തുന്ന ഇ-സൊലൂഷൻസ് ഈ പവലിയനിൽ നിന്ന് അടുത്തറിയാവുന്നതാണ്. പുത്തൻ ആശയങ്ങൾ പരീക്ഷിക്കുന്നതിനും, സ്റ്റാർട്ട് അപ്പുകൾ ആരംഭിക്കുന്നതിനും സഹായിക്കുന്ന ഒരു ലാബ് എന്ന രീതിയിലാണ് ഈ ഡിജിറ്റൽ സാങ്കേതികവിദ്യകൾ എസ്റ്റോണിയയുടെ പവലിയനിൽ ഒരുക്കിയിരിക്കുന്നത്.

എക്സ്പോ 2020 വേദിയിലൂടെയുള്ള പര്യടനം തുടർന്ന ഷെയ്ഖ് മുഹമ്മദ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ലക്സംബർഗ്‌ പവലിയനും സന്ദർശിച്ചു. ഈ പവലിയനിൽ വെച്ച് അദ്ദേഹം ലക്സംബർഗ്‌ ഗ്രാൻഡ് ഡ്യൂക്ക് H.R.H. ഹെൻറിയുമായി കൂടിക്കാഴ്ച്ച നടത്തി.

Source: Dubai Media Office.

എക്സ്പോ വേദിയിൽ വെച്ച് നടക്കുന്ന ലക്സംബർഗ്‌ നാഷണൽ ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഗ്രാൻഡ് ഡ്യൂക്ക് യു എ ഇയിലെത്തിയിരിക്കുന്നത്. ദുബായ് ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, H.H. ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, എക്സ്പോ 2020 ദുബായ് കമ്മീഷണർ ജനറൽ H.E. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ തുടങ്ങിയവരും ഈ കൂടികാഴ്ച്ചയിൽ പങ്കെടുത്തു.

Source: Dubai Media Office.

‘വിഭവസമൃദ്ധമായ ലക്സംബർഗ്‌’ എന്ന ആശയം മുന്നോട്ട് വെക്കുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്. ലക്സംബർഗ്‌ എന്ന രാജ്യത്തിന്റെ പ്രകൃതിഭംഗി, നാനാത്വം, പരിശ്രമശീലത്തിൽ ഊന്നിയുള്ള സ്വഭാവം, സുസ്ഥിരതയോടുള്ള പ്രതിബദ്ധത തുടങ്ങിയ ഘടകങ്ങളെ ഈ പവലിയൻ സന്ദർശകർക്ക് മുൻപിൽ എടുത്ത് കാട്ടുന്നു.

WAM