സൗദി: മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

GCC News

മറ്റുള്ളവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തുന്ന വ്യക്തികൾക്ക് തടവും, പിഴയും ഉൾപ്പടെയുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് സൗദി പ്രോസിക്യൂഷൻ അധികൃതർ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മറ്റു വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ പങ്ക് വെക്കുക, പൊതു സമൂഹത്തിൽ പ്രസിദ്ധപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു വ്യക്തിയുടെ വംശീയ വിവരങ്ങൾ, ഗോത്രപരമായതും, മതപരമായതുമായ വിവരങ്ങൾ, പ്രത്യയശാസ്‌ത്രപരമായ വിശ്വാസങ്ങൾ മുതലായ വിവരങ്ങളെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്.

ഇതിന് പുറമെ വ്യക്തികളുടെ സുരക്ഷാ വിവരങ്ങൾ, ബിയോമെട്രിക് വിവരങ്ങൾ, ആരോഗ്യ സംബന്ധമായ വിവരങ്ങൾ, ജനിതക സംബന്ധിയായ വിവരങ്ങൾ, ക്രിമിനൽ പശ്ചാത്തലം ഉണ്ടെങ്കിൽ അത് സംബന്ധിച്ച വിവരങ്ങൾ തുടങ്ങിയവയെല്ലാം ഈ നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നവർക്ക് ഈ നിയമത്തിന്റെ കീഴിൽ അനുശാസിക്കുന്ന ശിക്ഷാ നടപടികൾ നേരിടേണ്ടി വരുന്നതാണ്.

ഈ നിയമപ്രകാരം, ഒരു വ്യക്തിയെ മനപ്പൂർവം ദ്രോഹിക്കുന്നതിനായോ, സ്വന്തം നേട്ടത്തിനായോ ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് രണ്ട് വർഷം വരെ തടവും, 3 ദശലക്ഷം റിയാൽ വരെ പിഴയും ചുമത്തപ്പെടാവുന്നതാണ്.