ജീവനക്കാരുടെ വിസ ക്യാൻസലേഷൻ: സ്പോൺസർ വിമാനത്താവളത്തിൽ നേരിട്ടെത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പോലീസ്

featured GCC News

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി വിമാനത്താവളത്തിൽ സ്‌പോൺസറുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഇത്തരം നടപടികൾക്കായി ROP ഒരു പുതിയ ഓൺലൈൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും, 2021 മെയ് 23, ഞായറാഴ്ച്ച മുതൽ വിസ ക്യാൻസലേഷൻ നടപടികൾക്കായി തൊഴിലുടമകളോ, തൊഴിൽ സ്ഥാപനത്തിൽ നിന്നുള്ള പ്രതിനിധികളോ ജീവനക്കാരോടോപ്പം വിമാനത്താവളത്തിൽ നേരിട്ടെത്തേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മെയ് 20-നാണ് ROP ഇക്കാര്യം അറിയിച്ചത്. മെയ് 23 മുതൽ ജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ ഈ ഓൺലൈൻ സംവിധാനത്തിലൂടെ പൂർത്തിയാക്കാമെന്നും ROP അറിയിച്ചു. തൊഴിൽ മന്ത്രാലയവുമായി ചേർന്നാണ് ROP ഈ സേവനം നൽകുന്നത്.

“മെയ് 23 മുതൽ തൊഴിലുടമകൾക്ക് ജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ ഓൺലൈൻ സംവിധാനത്തിലൂടെ പൂർത്തിയാക്കാവുന്നതാണ്. ഈ നടപടികൾ പൂർത്തിയാക്കിയ ശേഷം, വിസ ക്യാൻസൽ ചെയ്യുന്ന ജീവനക്കാരന്റെ ഡിപ്പാർച്ചർ സർട്ടിഫിക്കറ്റ് തൊഴിലുടമകൾക്ക് ഓൺലൈനിലൂടെ ലഭ്യമാകുന്നതാണ്.”, ROP പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.