എക്സ്പോ 2020: ദുബായ് ഭരണാധികാരി ഘാന, അർമേനിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ഘാന, അർമേനിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. 2022 മാർച്ച് 8-നാണ് അദ്ദേഹം ഈ പവലിയനുകൾ സന്ദർശിച്ചത്.

എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതിചെയ്യുന്ന ഘാനയുടെ പവലിയൻ സന്ദർശിച്ചു. ഈ പവലിയനിൽ വെച്ച് അദ്ദേഹം ഘാനയുടെ പ്രസിഡണ്ട് നാന അകുഫോ അദ്ദോയുമായി കൂടിക്കാഴ്ച്ച നടത്തി. കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തമാക്കുന്നത്തെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.

Source: Dubai Media Office.

എക്സ്പോ വേദിയിൽ വെച്ച് നടക്കുന്ന ഘാനയുടെ നാഷണൽ ഡേ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് ഘാന പ്രസിഡണ്ട് യു എ ഇയിലെത്തിയിരിക്കുന്നത്. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ H.H. ഷെയ്ഖ് അഹ്‌മദ്‌ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, മറ്റു മന്ത്രിമാർ തുടങ്ങിയവർ ഈ കൂടികാഴ്ച്ചയിൽ പങ്കെടുത്തു.

Source: Dubai Media Office.

ഘാന എന്ന രാജ്യം മുന്നോട്ട് വെക്കുന്ന വാണിജ്യ സാധ്യതകൾ, നിക്ഷേപ അവസരങ്ങൾ എന്നിവ ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. കൊക്കോ കയറ്റുമതിയിൽ ലോകത്തെ തന്നെ ഏറ്റവും മുൻനിരയിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഘാന. നിക്ഷേപകർക്ക് ഖനന മേഖലയിൽ വലിയ അവസരങ്ങളാണ് ഘാന നൽകുന്നത്.

Source: Dubai Media Office.

ഘാനയിലെ വാണിജ്യം, ആരോഗ്യ പരിചരണം, ഭക്ഷ്യ ഉത്പാദനം തുടങ്ങിയ മേഖലകളിലെ അവസരങ്ങളും ഈ പവലിയൻ സന്ദർശകർക്ക് മനസ്സിലാക്കി തരുന്നു. ഇതിന് പുറമെ, പരിസ്ഥിതി സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും ഘാന നടപ്പിലാക്കുന്ന നടപടികൾ ഈ പവലിയൻ ചൂണ്ടിക്കാട്ടുന്നു.

എക്സ്പോ 2020 വേദിയിലൂടെയുള്ള പര്യടനം തുടർന്ന ഷെയ്ഖ് മുഹമ്മദ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന അർമേനിയയുടെ പവലിയനും സന്ദർശിച്ചു. നൂതന ആശയങ്ങൾ സൃഷ്ടിക്കുന്നതിൽ മുൻനിരയിലുള്ള അർമേനിയ ലോകത്തെ തന്നെ ഏറ്റവും പഴക്കമേറിയ ഏതാനം പട്ടണങ്ങളുടെ നാടാണ്. പുരാതന, ആധുനിക ലോകങ്ങളുടെ സംഗമസ്ഥാനമാണ് അർമേനിയ.

Source: Dubai Media Office.

അതിപുരാതനമായ സാംസ്കാരികത്തനിമയെ നൂതന സാങ്കേതികവിദ്യകളുമായി സംയോജിപ്പിച്ച് രൂപകൽപന ചെയ്തിരിക്കുന്ന അർമേനിയയുടെ പവലിയൻ സന്ദർശകർക്ക് അർമേനിയ എന്ന രാജ്യത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രം പര്യവേക്ഷണം നടത്തുന്നതിന് അവസരം നൽകുന്നു. ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് അർമേനിയയുടെ തനത് കലാരൂപങ്ങൾ ആസ്വദിക്കുന്നതിനൊപ്പം, പ്രശസ്തമായ അർമേനിയൻ ആപ്രിക്കോട്ടിന്റെ സവിശേഷഗന്ധം അടുത്തറിയുന്നതിനും സാധിക്കുന്നതാണ്.

അർമേനിയയുടെ നൂറ്റാണ്ടുകളിലൂടെയുള്ള അതിജീവനത്തിന്റെ പ്രതീകം എന്ന രീതിയിൽ കൈകൊണ്ട് നിർമ്മിച്ചിട്ടുള്ള ‘ട്രീ ഓഫ് ലൈഫ്’ എന്ന നിർമ്മിതി ഈ പവലിയന്റെ ഒരു പ്രത്യേകതയാണ്.

തുടർന്ന് ഷെയ്ഖ് മുഹമ്മദ് ഓപ്പർച്യുണിറ്റി ഡിസ്ട്രിക്റ്റിൽ തന്നെ സ്ഥിതിചെയ്യുന്ന വിയറ്റ്നാം പവലിയനും സന്ദർശിച്ചു. വിയറ്റ്നാം എന്ന രാജ്യത്തെ ജനങ്ങൾ, പ്രകൃതി രമണീയത, വികസന പ്രവണതകൾ എന്നിവ ഈ പവലിയനിൽ ദർശിക്കാവുന്നതാണ്.

‘ഭൂതകാലത്തെ സാരാംശം കൈക്കൊണ്ട് ഭാവിയെ നിർമ്മിക്കുക’ എന്ന ആശയത്തിലൂന്നിയാണ് വിയറ്റ്നാം പവലിയൻ ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം എന്ന രാജ്യത്തിന്റെ ഇതിഹാസം സന്ദർശകർക്ക് മുന്നിൽ ഈ പവലിയൻ അവതരിപ്പിക്കുന്നു.

Source: Dubai Media Office.

മൂന്ന് നിലകളായി ഒരുക്കിയിട്ടുള്ള ഈ പവലിയനിൽ നിരവധി ഇന്ററാക്റ്റീവ് പ്രദർശനങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നു. വിയറ്റ്നാം എന്ന രാജ്യത്തിന്റെ ജ്വലിക്കുന്ന പൈതൃകം, നിക്ഷേപകർക്ക് ഈ രാജ്യം നൽകുന്ന അവസരങ്ങൾ എന്നിവ ഈ പവലിയൻ സന്ദർശകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.

WAM