യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി വെനെസ്വേല, ഫിലിപ്പൈൻസ്, പോർച്ചുഗൽ എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. 2022 മാർച്ച് 18-നാണ് അദ്ദേഹം ഈ പവലിയനുകൾ സന്ദർശിച്ചത്.
എക്സ്പോ വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം ജൂബിലിയിൽ സ്ഥിതിചെയ്യുന്ന വെനെസ്വേലയുടെ പവലിയൻ സന്ദർശിച്ചു. സന്ദർശകർക്ക് വെനെസ്വേല എന്ന രാജ്യത്തെ എട്ട് വ്യത്യസ്ത ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന പ്രതീതി നൽകുന്ന രീതിയിലാണ് ഈ പവലിയൻ ഒരുക്കിയിരിക്കുന്നത്.
വെനെസ്വേലയുടെ ഗംഭീരമായ ഭൂപ്രകൃതി, സാംസ്‌കാരികത്തനിമ എന്നിവ അടുത്തറിയുന്നതിന് സന്ദർശകർക്ക് ഈ പവലിയൻ അവസരമൊരുക്കുന്നു. വെനെസ്വേലയുടെ തനത് ഭക്ഷണപാനീയങ്ങൾ ആസ്വദിക്കുന്നതിനും, പേരുകേട്ട വെനെസ്വേലൻ ചോക്ലേറ്റിന്റെയും, കാപ്പിയുടെയും രുചി നുണയുന്നതിനും ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് അവസരം ലഭിക്കുന്നു.
ഒറിനോക്കോ നദിയുടെ 360 ഡിഗ്രി കാഴ്ച്ചാനുഭവം ആസ്വദിക്കുന്നതിനൊപ്പം, ഏഞ്ചൽ വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ സെൽഫി എടുക്കുന്നതിനും വെനെസ്വേലയുടെ പവലിയൻ സന്ദർശകന് അവസരം നൽകുന്നു.
എക്സ്പോ 2020 വേദിയിലൂടെയുള്ള പര്യടനം തുടർന്ന ഷെയ്ഖ് മുഹമ്മദ് തുടർന്ന് ഫിലിപ്പൈൻസ് പവലിയനും സന്ദർശിച്ചു. ഫിലിപ്പൈൻസിലെ ജലാശയങ്ങളൊരുക്കുന്ന മായികലോകത്തേക്ക് ഈ പവലിയൻ സന്ദർശകരെ ആനയിക്കുന്നു.
കലാപരമായ അതിശയ കാഴ്ച്ചകൾ കൊണ്ട് നിറഞ്ഞ സാങ്കല്‌പികമായി ഒരുക്കിയിട്ടുള്ള ഒരു കോറൽ വില്ലേജ് ഈ പവലിയന്റെ പ്രത്യേകതയാണ്. ഈ പവലിയനിലെ കോറൽ വില്ലേജ് സന്ദർശകർക്ക് മുന്നിൽ സമുദ്രജീവികളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.
ഫിലിപ്പിനോ വാസ്‌തു വിദ്യ, കല, രൂപകല്‌പന എന്നിവയുടെ തനത് രൂപങ്ങൾ ഈ പവലിയനിൽ ദൃശ്യമാണ്.
തുടർന്ന് ഷെയ്ഖ് മുഹമ്മദ് എക്സ്പോ വേദിയിലെ പോർച്ചുഗൽ പവലിയനും സന്ദർശിച്ചു. പോർച്ചുഗൽ എന്ന രാജ്യം മുന്നോട്ട് വെക്കുന്ന സര്‍ഗ്ഗവൈഭവത്തിലും, നൂതന ആശയങ്ങളിലും ഊന്നിയുള്ള സംസ്കാരം ഈ പവലിയനിലെത്തുന്നവർക്ക് മുന്നിൽ അനാവരണം ചെയ്യുന്നു.
പോർച്ചുഗലിലെ മികച്ച അവസരങ്ങളുടെ ഒരു നേർക്കാഴ്ച്ച ഈ പവലിയൻ സന്ദർശിക്കുന്നവർക്ക് ലഭിക്കുന്നതാണ്. നാനാത്വത്തെ അംഗീകരിക്കുന്നതിലൂടെ പോർച്ചുഗീസ് ജനത മുന്നോട്ട് വെക്കുന്ന മാനുഷിക ആദർശങ്ങളുടെ സന്ദേശത്തിന്റെ പ്രതിഫലനം ഈ പവലിയനിൽ ദർശിക്കാവുന്നതാണ്.
പോർച്ചുഗീസ് ജീവിതരീതികൾ, ഭക്ഷണശീലങ്ങൾ എന്നിവ സന്ദർശകർക്ക് അടുത്തറിയാൻ ഈ പവലിയൻ അവസരം ഒരുക്കുന്നു.