യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ വേദി സന്ദർശിച്ചു. 2024 ജനുവരി 22-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ 2024 ജനുവരി 21-ന് ആരംഭിച്ചിരുന്നു. ഈ പ്രദർശനം ജനുവരി 23-ന് സമാപിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിപണികളെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും, സേവനങ്ങളും നൽകുന്ന ദുബായ് ഭാവിയിലെ ആഗോള വാണിജ്യ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണെന്ന് മേള സന്ദർശിച്ച് കൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അഭിപ്രായപ്പെട്ടു.
അദ്ദേഹം ഈ പ്രദർശനത്തിലെ വിവിധ പവലിയനുകൾ സന്ദർശിച്ചു. സ്പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ സഹകരണത്തോടെയാണ് ഈ പ്രദർശനം നടത്തുന്നത്.
ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്മന്റ് സ്ഥാപനമായ ‘DXB ലൈവ്’ ആണ് വേൾഡ് ഓഫ് കോഫി എക്സിബിഷൻ ഒരുക്കുന്നത്. മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷനിൽ 51 രാജ്യങ്ങളിൽ നിന്നുള്ള 1650 കമ്പനികളും, ബ്രാൻഡുകളും പങ്കെടുക്കുന്നുണ്ട്.
Cover Image: Dubai Media Office.