വേനൽ അവധിക്കായി ദുബായ് സഫാരി പാർക്ക് അടയ്ക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ജൂൺ 2-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
അവധിയ്ക്ക് ശേഷം 2022 സെപ്റ്റംബർ മുതൽ പുതിയ സീസണിൽ സഫാരി പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതാണ്. 116 ഹെക്ടറിൽ മനോഹരമാക്കി നിർത്തിയിട്ടുള്ള ദുബായ് സഫാരി പാർക്ക്, അനേകം ജീവജാലങ്ങൾക്കുള്ള വാസസ്ഥലം ഒരുക്കുന്നു. സസ്തനികൾ, പക്ഷികൾ, ഉഭയജീവകള് തുടങ്ങി ഏതാണ്ട് 3000 ജീവജാലങ്ങൾ ഇവിടെ വസിക്കുന്നുണ്ട്.
സന്ദർശകർക്ക് ലോകമെമ്പാടുമുള്ള മൃഗങ്ങളെ, കാലാവസ്ഥ നിയന്ത്രിക്കുന്ന അന്തരീക്ഷത്തിൽ, അവയുടെ പ്രകൃതിദത്ത ആവാസവ്യവസ്ഥയോട് ചേർന്ന് ജീവിക്കുന്ന രീതിയിൽ കാണുന്നതിനായി ദുബായ് സഫാരി പാർക്ക് അവസരമൊരുക്കുന്നു. ദുബായ് സഫാരി പാർക്കിന്റെ ഇപ്പോഴത്തെ സീസൺ 2021 സെപ്റ്റംബർ 27 മുതലാണ് ആരംഭിച്ചത്.
2017 ഡിസംബറിൽ പ്രവർത്തനമാരംഭിച്ച ദുബായ് സഫാരി പാർക്ക്, പിന്നീട് അതിവിപുലമായ നവീകരണ പ്രവർത്തനങ്ങൾക്കായി 2018-ൽ രണ്ട് വർഷത്തേക്ക് അടച്ചിരുന്നു.
സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾക്കും, നിർമ്മാണ പ്രവർത്തനങ്ങൾക്കും ശേഷം 2020 ഒക്ടോബർ 5 മുതൽ ദുബായ് സഫാരി പാർക്ക് സന്ദർശകർക്കായി തുറന്നുകൊടുത്തിരുന്നു. ഓരോ വർഷവും വേനൽക്കാലത്ത് സഫാരി പാർക്കിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നതല്ല.