സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായി ദുബായ് സഫാരി പാർക്ക് 2020 ഒക്ടോബർ 5 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായ് മുൻസിപ്പാലിറ്റി സെപ്റ്റംബർ 21, തിങ്കളാഴ്ച്ച അറിയിച്ചു. എല്ലാ പ്രായത്തിലുള്ള സന്ദർശകർക്കും ആസ്വദിക്കാവുന്ന വിനോദവും, വിജ്ഞാനവും കോർത്തിണക്കിയ നിരവധി കാഴ്ചകളാണ് സഫാരി പാർക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
സമഗ്രമായ നവീകരണ പ്രവർത്തനങ്ങൾക്കും, നിർമ്മാണ പ്രവർത്തനങ്ങൾക്കും ശേഷമാണ് ദുബായ് സഫാരി പാർക്ക് സന്ദർശകർക്ക് തുറന്നു കൊടുക്കുന്നത്. “ദുബായ് ഭരണാധികാരിയായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനങ്ങൾക്കനുസരിച്ച് എമിറേറ്റിനെ ആഗോളതലത്തിലെ ഏറ്റവും മികച്ച ടൂറിസ്റ്റ്, വിനോദ കേന്ദ്രമാക്കി മാറ്റുന്നതിന് ദുബായ് സഫാരി പാർക്ക് വഴിതെളിക്കുന്നു. ഇതിനു മുതൽക്കൂട്ടാകുന്ന നിരവധി സംരംഭങ്ങളാണ് ദുബായ് മുൻസിപ്പാലിറ്റി നടപ്പിലാക്കിവരുന്നത്.”, ദുബായ് മുൻസിപ്പാലിറ്റി ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹജ്‌രി വ്യക്തമാക്കി.
119 ഹെക്ടറിൽ മനോഹരമാക്കി നിർത്തിയിട്ടുള്ള ദുബായ് സഫാരി പാർക്ക്, അനേകം ജീവജാലങ്ങൾക്കുള്ള വാസസ്ഥലം ഒരുക്കുന്നു. സസ്തനികൾ, പക്ഷികൾ, ഉഭയജീവകള്‍ തുടങ്ങി ഏതാണ്ട് 3000 ജീവജാലങ്ങൾ ഇവിടെ വസിക്കുന്നുണ്ട്. COVID-19 നിയന്ത്രണങ്ങൾ ഒഴിവാക്കിയ ശേഷം വീണ്ടും ഉണർവ്വ് പ്രകടമാക്കുന്ന ടൂറിസം മേഖലയിൽ ദുബായ് സഫാരി പാർക്ക് സഞ്ചാരികൾക്ക് മുതൽക്കൂട്ടാകുമെന്ന് അൽ ഹജ്‌രി അഭിപ്രായപ്പെട്ടു. സഞ്ചാരികൾക്ക് മറക്കാനാകാത്ത അനുഭവങ്ങൾ നൽകുന്നതിനുള്ള നിരവധി ആകർഷണങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ ജീവിവർഗ്ഗങ്ങളെ അടുത്ത് കാണുന്നതിനും, അവയെ കുറിച്ച് അറിയുന്നതിനും പാർക്ക് അവസരമൊരുക്കുന്നതായും അൽ ഹജ്‌രി അറിയിച്ചു.
പാർക്കിലെ ആകർഷണങ്ങളായ കൊമോഡോ ഡ്രാഗൺ, സ്പൈറൽ ഹോൺഡ് ആന്റലോപ്, അറേബ്യൻ ഒറിക്‌സ്, ആഫ്രിക്കൻ കാട്ടുനായ, ഗൊറില്ല തുടങ്ങിയ അപൂർവ്വ ജീവികൾക്ക് പുറമെ ആഫ്രിക്കൻ ആനകൾ, ജിറാഫ് എന്നിവയെയും പുതിയതായി സഫാരി പാർക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കൻ, ഏഷ്യൻ, എക്സ്പ്ലോറർ എന്നിങ്ങനെ പ്രധാനമായും മൂന്ന് ഗ്രാമങ്ങളാണ് പാർക്കിൽ സന്ദർശകരെ കാത്തിരിക്കുന്നത്. ഇതിനു പുറമെ സന്ദർശകർക്കായി അറേബ്യൻ ഡസേർട് സഫാരി ടൂർ എന്ന പരിപാടിയും ആസ്വദിക്കാവുന്നതാണ്.
സന്ദർശകരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും പാർക്കിൽ നടപ്പിലാക്കിയിട്ടുണ്ട്. സന്ദർശകർ ഓൺലൈനിലൂടെ ടിക്കറ്റുകൾ മുൻകൂറായി ബുക്ക് ചെയ്യേണ്ടതാണ്. ദിനവും രാവിലെ 9 മുതൽ രാത്രി 5 വരെയാണ് ദുബായ് സഫാരി പാർക്കിൽ സന്ദർശകർക്ക് പ്രവേശനം നൽകുന്നത്.