ദുബായ്: DSF 2020 ഡിസംബർ 17 മുതൽ; ഷോപ്പിംഗ് ആഘോഷങ്ങൾക്ക് തുടക്കം

GCC News

2021-ലെ പുതുവർഷ വേളയിൽ ആഹ്ലാദത്തിന്റെയും, ശുഭാപ്തിവിശ്വാസത്തിന്റെയും സന്ദേശങ്ങൾ പങ്ക് വെക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ഹൃദയഹാരിയായ ആഘോഷ പരിപാടികളും, വിനോദ പരിപാടികളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (DSF) 2020 ഇന്ന് (ഡിസംബർ 17, വ്യാഴാഴ്ച്ച) മുതൽ ആരംഭിക്കുന്നു. ഉപഭോക്താക്കൾക്കായി ചില്ലറവില്പന മേഖലയിൽ അവിശ്വസനീയമായ ഇളവുകളും, ആനുകൂല്യങ്ങളും നൽകുന്ന DSF എന്ന ആഘോഷവേള, മുഴുവൻ കുടുംബാംഗങ്ങൾക്കും ഷോപ്പിംഗിനൊപ്പം അവിസ്മരണീയമായ ഉല്ലാസ മുഹൂർത്തങ്ങളും സമ്മാനിക്കുന്നു.

2020 പുതിയ വർഷത്തിന് വഴിമാറുന്ന അവസരത്തിൽ പുത്തൻ ചിന്തകളുടെയും, പുത്തൻ പ്രതീക്ഷകളുടെയും ആഘോഷ നിമിഷങ്ങളാണ് DSF 2020 സന്ദർശകർക്കായി ഒരുക്കുന്നത്. 2020 ഡിസംബർ 17 മുതൽ 2021 ജനുവരി 30 വരെ 45 ദിവസങ്ങളിലായാണ് ഈ വർഷത്തെ DSF സംഘടിപ്പിക്കുന്നത്. ഏതാണ്ട് 3500-ഓളം ചില്ലറ വില്പനശാലകളും, വ്യാപാര കേന്ദ്രങ്ങളും ഈ മേളയുടെ ഭാഗമാകും. 25 ശതമാനം മുതൽ 75 ശതമാനം വരെ വിലകുറവും, മറ്റു ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ദുബായിലെ മുഴുവൻ നിവാസികൾക്കും ഉത്സാഹത്തിന്റെയും, ഉല്ലാസത്തിന്റെയും നിമിഷങ്ങൾ ഒരുക്കുന്ന നിരവധി പരിപാടികളാണ് DSF 2020 ഒരുക്കുന്നതെന്ന് മേളയുടെ സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീറ്റെയ്ൽ എസ്റ്റാബ്ലിഷ്‌മെന്റ് (DFRE) അറിയിച്ചു. അവിശ്വസനീയമായ ഷോപ്പിംഗ് വിസ്മയങ്ങളോടൊപ്പം, ലോകപ്രശസ്തരായ കലാകാരന്മാരും, സംഗീതജ്ഞരും ചേർന്നൊരുക്കുന്ന തത്സമയ പരിപാടികൾ ഈ പുതുവർഷത്തിന് നിറംപകരും. മുഴുവൻ കുടുംബാംഗങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന പരിപാടികൾ മേളയുടെ ഭാഗമാകുമെന്നും സംഘാടകർ ഉറപ്പ് നൽകിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും വലിയ വിപണന മേളയായ DSF-ന്റെ ഇരുപത്താറാമത് എഡിഷൻ ദുബായ് മുന്നോട്ട് വെക്കുന്ന എല്ലാ മൂല്യങ്ങളുടെയും ആഘോഷമായിരിക്കുമെന്ന് DFRE CEO അഹ്‌മദ്‌ അൽ ഖാജ അറിയിച്ചിട്ടുണ്ട്. കുടുംബങ്ങൾക്ക് പകരം വെക്കാനില്ലാത്ത ഉല്ലാസത്തിന്റെയും, ഷോപ്പിംഗിന്റെയും അനുഭവം കൃത്യമായ COVID-19 സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ഈ വർഷത്തെ DSF നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേളയിൽ പങ്കെടുക്കുന്ന മാളുകൾ, വാണിജ്യ സ്ഥാപനങ്ങൾ മുതലായവയിൽ ആരോഗ്യ മന്ത്രാലയം മുന്നോട്ട് വെച്ചിട്ടുള്ള മുഴുവൻ പ്രതിരോധ നടപടികളും നടപ്പിലാക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാർക്കറ്റ്

അൽ സീഫിൽ സംഘടിപ്പിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാർക്കറ്റ്, കുടുംബാംഗങ്ങളുമായെത്തുന്ന സന്ദർശകർക്കായി നിരവധി കാഴ്ച്ചകളാണ് ഒരുക്കുന്നത്. പുതുവർഷ വേളയിൽ കൈറ്റ് ഷോ, വിവിധ രൂപങ്ങളിൽ തീർത്ത കൂറ്റൻ ബലൂണുകളുടെ പ്രദർശനം മുതലായവ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാർക്കറ്റിൽ സന്ദർശകർക്കായൊരുങ്ങും.

അൽ ഖവാനീജ് മേഖലയിൽ ഒരുക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ മാർക്കറ്റിലെത്തുന്ന സന്ദർശകരെ കാത്തിരിക്കുന്നത്, കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട വിനോദകഥയായ ആലീസ് ഇൻ വണ്ടർലാൻഡ് മാതൃകയിൽ തീർത്ത മായിക ലോകമാണെന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്. സന്ദർശകരെ അന്ധാളിപ്പിക്കുന്ന മാന്ത്രിക ദുര്‍ഘടമാര്‍ഗ്ഗം, ടീ പാർട്ടി ഏരിയ, ഔട്ഡോർ സിനിമ, കരകൗശല പ്രവർത്തനങ്ങൾക്കായുള്ള ഏരിയ, സംസാരിക്കുന്ന മരം മുതലായ ഭ്രമിപ്പിക്കുന്ന കാഴ്ച്ചകളാണ് ഇവിടെ ഒരുങ്ങുന്നത്.

സംഗീതക്കച്ചേരി

അറബ് സംഗീതപ്രേമികൾക്കായി മൂന്ന് തത്സമയ സംഗീതക്കച്ചേരികളാണ് പുതുവർഷ രാവിൽ അരങ്ങേറുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നാസിഫ് സൈതൂൺ അവതരിപ്പിക്കുന്ന പ്രത്യേക സംഗീതവിരുന്നിനു പുറമെ, ഫെസ്റ്റിവൽ ഏരിയയിൽ വയീൽ കെഫൗറി, മുഹമ്മദ് ഖൈറി എന്നിവർ നടത്തുന്ന സംഗീത പരിപാടികളും പുതുവർഷ രാവിന് നിറംപകരും.

ദുബായ് ഓപ്പറ 2021-ൽ വെച്ച് നടക്കുന്ന പ്രത്യേക പുതുവർഷ സംഗീത പരിപാടിയിൽ ലോകപ്രശസ്ത അറബ് ഇലക്ട്രോണിക് സംഗീതജ്ഞൻ സയീദ് മുറാദ് അദ്ദേഹത്തിന്റെ ഏറ്റവും മനോഹരമായ ഏതാനം കൃതികൾ അവതരിപ്പിക്കുന്നതാണ്. ഇതിന് പുറമെ ഡി ജെ സേഫ് ആൻഡ് സൗണ്ട്, നോവോ സോൾ ബാൻഡ് മുതലായവരും ദുബായ് ഓപ്പറയിൽ പരിപാടികൾ അവതരിപ്പിക്കുന്നതാണ്.

അറ്റ്ലാന്റിസ് ദി പാമിൽ വെച്ച് സംഘടിപ്പിക്കുന്ന ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി അമേരിക്കൻ റോക്ക് ബാൻഡായ KISS, ദുബായിലെ ഏറ്റവും വലിയ സംഗീതപരിപാടി അവതരിപ്പിക്കുന്നതാണ്. ഈ ന്യൂ ഇയർ ആഘോഷത്തിന്റെയും തത്സമയ സംഗീതനിശയുടെയും, കരിമരുന്നു പ്രയോഗത്തിന്റെയും ദൃശ്യങ്ങൾ 360 ഡിഗ്രിയിൽ നിന്ന് ആസ്വദിക്കാവുന്ന രീതിയിൽ 50-ൽ പരം കാമറകളാണ് പകർത്തുന്നത്. ഡിസംബർ 31 രാത്രി 9 മുതൽ ഈ പരിപാടി ഇന്റർനെറ്റിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ https://www.kiss2020goodbye.com/ എന്ന വിലാസത്തിൽ ലഭ്യമാണ്.