പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡൗൺടൗൺ ദുബായിൽ ഗംഭീര കരിമരുന്ന് പ്രയോഗം നടത്തുമെന്ന് എമ്മാർ

GCC News

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഈ വർഷവും ഡൗൺടൗൺ ദുബായിൽ ഗംഭീര കരിമരുന്ന് പ്രയോഗം, ലൈറ്റ്, ലേസർ ഷോ എന്നിവ ഉണ്ടായിരിക്കുമെന്ന് ബുർജ് ഖലീഫ നിർമ്മാതാക്കളായ എമ്മാർ പ്രോപ്പർട്ടീസ് അറിയിച്ചു. പൊതുജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളോടെയായിരിക്കും ബുർജ് ഖലീഫയിലെ ഇത്തവണത്തെ പുതുവർഷത്തെ വരവേൽക്കുന്ന ആഘോഷങ്ങളെന്നും എമ്മാർ വ്യക്തമാക്കിയിട്ടുണ്ട്.

സന്ദർശകരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിനുള്ള തെർമൽ കാമറകൾ, സമൂഹ അകലം നടപ്പാക്കുന്നതിനുള്ള നടപടികൾ, പണമിടപാടുകൾ നടത്തുന്നതിനായി പൂർണ്ണമായും പരസ്പര സമ്പർക്കം ഒഴിവാക്കുന്ന സംവിധാനങ്ങൾ, തുടർച്ചയായുള്ള ശുചീകരണം, അണുനശീകരണം തുടങ്ങിയവ ഒരുക്കുന്നതാണ്. ദുബായ് സർക്കാർ മുന്നോട്ട് വെച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് കൊണ്ടായിരിക്കും ഈ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

നേരിട്ടെത്തുന്നവർക്കും, ടെലിവിഷനിലൂടെയും, ഓൺലൈനിലൂടെയും ഇതിന് സാക്ഷിയാകുന്നവർക്കും ജീവിതകാലത്തൊരിക്കലും മറക്കാനാകാത്ത ദൃശ്യവിസ്മയങ്ങളോട് കൂടിയതായിരിക്കും ഈ വർഷത്തെ പുതുവത്സര ആഘോഷ പരിപാടികളെന്ന് എമ്മാർ അറിയിച്ചു. ഈ പരിപാടികൾ ആഗോളതലത്തിൽ ഓൺലൈനിലൂടെ നേരിട്ട് സംപ്രേക്ഷണം ചെയ്യുന്നതാണ്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ഏറ്റവും വലിയ ദൃശ്യ വിരുന്നാണ് ഒരുക്കുന്നതെന്ന് എമ്മാർ സ്ഥാപകൻ മുഹമ്മദ് അലബ്ബാർ വ്യക്തമാക്കി. ലോകം മുഴുവൻ മഹാമാരിയുടെ പിടിയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ച് കൊണ്ടിരിക്കുകയാണെങ്കിലും, ഒത്തൊരുമയോടെ ലോകം ഇതിൽ നിന്ന് കരകയറും എന്ന പ്രത്യാശയുടെയും, ആത്മവിശ്വാസത്തിന്റെയും സന്ദേശം ലോകത്തിനു മുൻപിൽ അവതരിപ്പിക്കാൻ ഈ ആഘോഷം ലക്ഷ്യമിടുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ആഘോഷവേളയുടെ ചൈതന്യം ഉൾക്കൊള്ളുന്ന അലങ്കാരങ്ങളോടെ ഡൗൺടൗൺ ദുബായ് പുതുവർഷത്തിൽ ഒരുങ്ങുന്നതാണ്. കരിമരുന്ന് പ്രയോഗവും, ലൈറ്റ്, ലേസർ ഷോ എന്നിവയും ദുബായ് ഫൗണ്ടൈൻ ഷോയുമായി സമന്വയിപ്പിക്കുന്നതാണ്.