ദുബായ്: ഡ്രൈവറില്ലാത്ത കൂടുതൽ ടാക്‌സികൾ അവതരിപ്പിക്കാനൊരുങ്ങി RTA

GCC News

ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന കൂടുതൽ ടാക്സികൾ അടുത്ത വർഷത്തോടെ എമിറേറ്റിൽ അവതരിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഏപ്രിൽ 2-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഡ്രൈവറില്ലാത്ത ടാക്‌സി സേവനങ്ങൾ നൽകുന്ന കൂടുതൽ ആഗോള കമ്പനികൾ ഇതിനായി RTA-യുമായി സഹകരിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചതായി ഡയറക്ടർ ജനറൽ മത്തർ അൽ തയർ വ്യക്തമാക്കി. ഇത്തരം ടാക്സി വാഹനങ്ങളുടെ പരീക്ഷണ ഓട്ടം അടുത്ത് തന്നെ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരു സേഫ്റ്റി ഡ്രൈവറെ കൂടി ഉൾപ്പെടുത്തിയായിരിക്കും ഇത്തരം പരീക്ഷണ ഓട്ടങ്ങൾ നടത്തുന്നത്. 2026 മുതൽ ഇത്തരം കൂടുതൽ ടാക്‌സികൾ വാണിജ്യാടിസ്ഥാനത്തിൽ ദുബായിൽ സേവനങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഇതിനായി യൂബർ ടെക്‌നോളജീസ്‌, വീറൈഡ്, അപ്പോളോ ഗോ എന്നീ കമ്പനികളുമായാണ് RTA സഹകരിക്കാനൊരുങ്ങുന്നത്. 2030-ഓടെ ദുബായിലെ ടാക്സി യാത്രകളുടെ 25 ശതമാനത്തോളം ഡ്രൈവറില്ലാത്ത വാഹനങ്ങൾ ഉപയോഗിച്ച് നടത്തുന്നതിനാണ് RTA ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.