ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിന്റെ ഭാഗമായി 2022 ജൂൺ 5, ഞായറാഴ്ച രാജ്യത്ത് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത്തവണത്തെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയമായ ‘നമ്മുക്ക് ഒരു ഭൂമി മാത്രം’ എന്ന ആശയത്തിലൂന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. പരിസ്ഥിതി സൗഹൃദമായതും, സുസ്ഥിരതയിൽ ഊന്നിയിട്ടുള്ളതുമായ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ അവസരത്തിൽ പ്രത്യേക നടപടികൾ ഏർപ്പെടുത്തുന്നതാണ്.
പ്രകൃതിയുമായി കൂടുതൽ ഇണങ്ങുന്ന ജീവിത ശൈലി വളർത്തുന്നത് ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും, നയങ്ങളും അതിന്റെ ഭാഗമായി രൂപപ്പെടുത്തുന്നതാണ്. 2022-ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം നമ്മുടെ ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ വിപത്തുകളായ കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിദ്ധ്യ ശോഷണം, മലിനീകരണം, മാലിന്യങ്ങൾ എന്നിവ മൂലം ഉടലെടുക്കുന്ന പ്രശ്നങ്ങൾ എന്നിവയെ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.