ഏപ്രിൽ 7, ലോകാരോഗ്യദിനം – മുൻപ് പല വർഷങ്ങളിലും നാം ഈ ദിനത്തിന് വേണ്ടത്ര ശ്രദ്ധകൊടുത്തിരുന്നില്ല. എന്നാലിന്ന്, നാം ലോകാരോഗ്യ സ്ഥിതിയെക്കുറിച്ച് തുടർച്ചയായി കേട്ടുകൊണ്ടിരിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ വാക്കുകൾക്ക് ദിനവും ചെവിയോർക്കുന്നു. ലോകവ്യാപകമായി COVID-19 എന്ന മഹാമാരി പടർന്നു കയറുന്ന സാഹചര്യത്തിൽ നമ്മളെല്ലാം ഓരോരുത്തരുടെയും വ്യക്തിപരമായ ആരോഗ്യത്തോടൊപ്പം ലോകാരോഗ്യത്തെ കുറിച്ചും മനസ്സിൽ കൊണ്ടുനടക്കുന്നു എന്നത് കരുതലുള്ള നല്ല മാറ്റമായി കാണാനാകും.
ഈ വർഷത്തെ ലോകാരോഗ്യദിനത്തിന്റെ ആപ്തവാക്യവും ലക്ഷ്യവുമായി ലോകാരോഗ്യ സംഘടന നമ്മുടെ മുന്നിലേയ്ക്ക് വയ്ക്കുന്നത് “നഴ്സിംഗ് സമൂഹത്തിനും, പ്രസവശുശ്രുഷാ രംഗത്തുള്ളവർക്കും നൽകേണ്ട ആദരം” എന്ന ചിന്തയെക്കുറിച്ചാണ്. ലോകമെമ്പാടും ഈ മഹാമാരിയുടെ മുൻ നിരയിൽ നിന്ന് ധൈര്യപൂർവ്വം മറ്റുള്ളവർക്ക് വേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന നമ്മുടെ ആരോഗ്യ പരിപാലകരെയും, ഗർഭിണികളുടെയും, കൊച്ചുകുട്ടികളുടെയും ആരോഗ്യകരമായ ജീവിതത്തിന് അവരോടൊപ്പം നിന്ന് പരിചരിക്കുന്ന പ്രസവ ശുശ്രുഷ രംഗത്തുള്ളവർക്കും നമ്മുടെ മാനുഷികപരമായ കരുതലുണ്ടാകണം എന്ന വിശാലമായ ആശയമാണ് ഇത്തവണ ലോകാരോഗ്യ ദിനത്തിൽ WHO നമ്മെ ഓർമ്മപ്പെടുത്തുന്നത്.
1950-ൽ ആണ് ആദ്യമായി ലോകാരോഗ്യ സംഘടന “ലോകാരോഗ്യ ദിനം” എന്ന ഒരു വലിയ ആശയം മുന്നോട്ട് വയ്ക്കുന്നത്. ജനങ്ങളിൽ ആരോഗ്യത്തെക്കുറിച്ചും, ആരോഗ്യ പരിപാലത്തെക്കുറിച്ചും അവബോധം ജനിപ്പിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിവച്ച ആശയം; ഇതിന്റെ തുടർച്ചയായി പിന്നീട് എല്ലാ വർഷങ്ങളിലും ഏപ്രിൽ 7-നു ലോകാരോഗ്യ ദിനം സംഘടിപ്പിച്ച് പോരുന്നു. പലപ്പോഴും ആരോഗ്യ രംഗത്തുള്ള വികസനവും, ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും സാധാരണക്കാരന്റെ മനസ്സിനെ അത്രകണ്ട് ത്രസിപ്പിക്കാത്ത ഒന്നായിരുന്നു. എന്നാലിന്ന് ഏതൊരു സാധാണക്കാരനും മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന ഈ മഹാമാരിയ്ക്ക് മരുന്ന് കണ്ടുപിടിക്കുന്നതും കാത്തിരിക്കുകയാണ്.
ആരോഗ്യ രംഗത്ത് മാത്രം ഉപയോഗിച്ചിരുന്ന സർജിക്കൽ മാസ്‌ക്കുകളും, കയ്യുറകളും ശരാശരി ലോക ജനതയുടെ സുരക്ഷയ്ക്കു കൂടി വേണ്ടതാണെന്ന് ബോധ്യപ്പെട്ട നാളുകൾ; ശുചിത്വത്തിനു നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യത്തെ വീണ്ടും നമ്മളോരുത്തരെയും ഓർമ്മപ്പെടുത്തിയ നാളുകൾ; ലോകത്തെവിടെയെങ്കിലും ഒരു വിപത്തുണ്ടായാൽ അതിനെ മനസ്സിലേക്കെടുക്കാതെ നമ്മുടെ സ്വന്തം കാര്യം മാത്രം നോക്കിയിരുന്ന നമ്മുടെ പതിവ് രീതിയിൽ നിന്ന് മാറി ലോകത്തെന്ത് നടക്കുന്നു, ലോകാരോഗ്യ സംഘടന എന്ത് നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നു എന്ന് നാം ഓരോ നിമിഷവും ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം. ഈ ദിനത്തിൽ നാം ഓരോരുത്തരും ഇന്നത്തെ സ്ഥിതിയുടെ തീവ്രത മനസ്സിലാക്കി സാമൂഹിക അകലം പാലിക്കേണ്ടതും വ്യക്തിശുചിത്വം ശീലമാക്കേണ്ടതും നമ്മുടെ കടമയായി കരുതി പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്. ആരോഗ്യ പരിപാലന സംവിധാനങ്ങൾ നമുക്ക് മുന്നിലേയ്ക്ക് വയ്ക്കുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കാം, ഒരുമയോടെ ഈ വെല്ലുവിളികൾ മറികടക്കാം.
ആരോഗ്യരംഗത്തുള്ളവരെ നാം നമ്മുടെ രക്ഷാ കവചങ്ങളായി കണക്കാക്കി കരുതലോടെ മുന്നോട്ട് നീങ്ങുന്ന ഈ കാലഘട്ടത്തിൽ അവരെ പറ്റി ചിന്തിക്കാനും അവർക്ക് നന്മകൾ നേരുവാനും ഈ ദിനം നമ്മളിരോരുത്തരെയും പഠിപ്പിപ്പിക്കട്ടെ എന്നാഗ്രഹിച്ച് എല്ലാ പ്രിയ ശ്രോതാക്കൾക്കും പ്രവാസിഡെയ്‌ലിയുടെയും, പ്രവാസി ഭാരതി 1539 AM ടീമിൻറെയും ആരോഗ്യപൂർണമായ ഒരു ലോകാരോഗ്യ ദിനമാശംസിക്കുന്നു.