COVID-19 വ്യാപനം ഇന്ത്യയിൽ തുടങ്ങിയ വേളയിൽ, ‘ജാഗ്രത വേണം, ഭയം വേണ്ട’ എന്ന നിലപാട് ആരോഗ്യ വകുപ്പുകളും, അധികൃതരും സ്വീകരിച്ചത് ജനങ്ങളിലുണ്ടായേക്കാവുന്ന അകാരണമായ ഉൾഭയം അകറ്റുക എന്ന നല്ല ഉദ്ദേശ്യത്തോടെയായിരുന്നു. എന്നാൽ ബഹുഭൂരിപക്ഷം ജനങ്ങളും ഭയമില്ലായ്മയോടൊപ്പം, ജാഗ്രതക്കുറവിലേയ്ക്കും നീങ്ങിയതിന്റെ ലക്ഷണങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും, വർധിച്ചു വരുന്ന രോഗ വ്യാപനത്തിൽ നിന്നും മനസ്സിലാക്കാനാകുന്നത്.
മാസ്ക്കും, കയ്യുറയും, സാമൂഹ്യ അകലവും തുടങ്ങി എല്ലാ സുരക്ഷാ മാർഗ്ഗനിർദേശങ്ങളോടും നമുക്ക് വേണ്ടത്ര ജാഗ്രതാപൂർണ്ണമായ മനോഭാവമല്ല ഉള്ളത് എന്നുള്ളതും വ്യക്തമാകുന്നു. കാഴ്ചയിൽ പ്രത്യേക ലക്ഷണങ്ങൾ ഒന്നുമില്ലാത്ത, നിശബ്ദനായ ഒരു അണുവിനോട് വരെ നമ്മുടെ ജനങ്ങൾക്ക് പുച്ഛമാണ്. ആളുകൾ അധികം തടിച്ചുകൂടരുത് എന്ന് പറഞ്ഞാൽ, എന്തുകൊണ്ടെന്ന് ചോദിക്കാനായി കൂടുതൽ ആളുകൾ തടിച്ച് കൂടുന്ന വിരോധാഭാസം നമ്മുടെ സംസ്ഥാനത്തും, രാജ്യത്തും പ്രകടമാണെന്നത് മൂടിവെക്കാനാകാത്ത ഒരു വസ്തുതയാണ്. അവരവരുടെയെങ്കിലും സുരക്ഷയ്ക്കായി ചെയ്യേണ്ട കാര്യങ്ങൾ, കൊച്ചുകുട്ടികൾ വരെ കൃത്യമായി ചെയ്യുമ്പോൾ, ശരീരവും ബുദ്ധിയും വികസിച്ച നമ്മളിൽ ഒരു വിഭാഗം ഇത്തരം നിർദ്ദേശങ്ങൾ അനുസരിക്കാത്തതിനെ ധിക്കാരമായി മാത്രമേ കാണുവാൻ കഴിയു.
രോഗലക്ഷണങ്ങൾ ഒന്നും പ്രകടമാകാത്ത വലിയൊരു വിഭാഗം പേരിലും ഈ വൈറസ് പിടിമുറുക്കിയതായും, അവരിൽ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പടർന്നതായുമെല്ലാം വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിദിന വാർത്തകളിൽ നിറയുമ്പോഴും, നമ്മുടെ നാട്ടിൻപുറങ്ങളിലും, നഗരങ്ങളിലും ഇന്നും ജനങ്ങൾ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കാറ്റിൽ പറത്തുന്നത് സങ്കടകരമായ കാഴ്ചയാണ്. അജ്ഞത നൽകുന്ന അഹങ്കാരം, സുരക്ഷാ നിർദ്ദേശങ്ങളിലുള്ള വീഴ്ചകൾ ആയിമാറുമ്പോൾ, തടയണയുടെ മേലുണ്ടാകുന്ന ചെറു സുഷിരങ്ങൾ പോലെ അവ സമൂഹത്തിന്റെ ഈ വൈറസിനോടുള്ള പ്രതിരോധത്തിനെ ദുർബലമാക്കുന്നു. മറ്റുള്ളവരുടെ സുരക്ഷയെ കുറിച്ച് തരിമ്പ് ബോധമില്ലാതെ, മാസ്കുകൾ ധരിക്കാതെ സമൂഹത്തിൽ നെഞ്ച് വിരിച്ച് നടക്കുന്നവർ ഓർക്കേണ്ട ഒന്നുണ്ട്; സമൂഹം ഒരു ധീരനെയല്ല നിങ്ങളിൽ കാണുന്നത്, മറിച്ച് സ്വന്തം കുടുംബത്തിലുള്ളവരുടെ സുരക്ഷ പോലും ഉറപ്പാക്കാൻ കഴിവില്ലാത്ത, ചിന്താ ശേഷിയില്ലാത്ത ഒരു വിഡ്ഡിയെയാണ്.
എത്രയും പെട്ടന്ന് ഈ രോഗാവസ്ഥയ്ക്ക് ശമനമുണ്ടാക്കാൻ ലോകം മുഴുവൻ പ്രതീക്ഷയിൽ നിൽക്കുമ്പോൾ, നമ്മൾ ചെയ്യുന്ന ഈ അനുസരണക്കേട് നമുക്ക് തന്നെ ആപത്താണെന്നു ജനങ്ങൾ തിരിച്ചറിയണം. ആളുകൾ തടിച്ചുകൂടുന്നത് നിയമപരമായി തടഞ്ഞിട്ടുള്ള ഈ കാലയളവിൽ, സാമൂഹിക അകലം നിയമം കൊണ്ട് നടപ്പിലാക്കാൻ സംവിധാനങ്ങൾ ശ്രമിക്കുന്ന ഈ കാലയളവിൽ, ബെല്ലി ഡാൻസും, നിശാ ക്ലബ്ബും, കള്ളുസഭകളും അരങ്ങേറുന്നതിലെ വൈരുദ്ധ്യം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. ഒത്തുകൂടുന്നവർ ചിന്തിക്കുന്നുണ്ടായിരിക്കാം, തങ്ങൾക്ക് രോഗം പിടിപെടില്ല എന്ന്, എന്നാൽ നിവർത്തികേടുകൊണ്ട് അവരിൽ അകപ്പെടുന്ന ആളുകളും ഉണ്ടായിരിക്കാം; അവർക്ക് രോഗം പകരരുതെന്ന ചിന്തയും ഇത്തരം ആളുകൾക്ക് വന്നു ചേരേണ്ടതുണ്ട്. ഒരാളിൽ നിന്നും നൂറുക്കണക്കിന് പേരിലേക്ക് വൈറസ് പടരുന്ന അവസ്ഥ നമുക്ക് സൃഷ്ടിക്കാതിരിക്കാം; അതിനായി ജനങ്ങളുടെ പരിപൂർണ്ണ സഹകരണം അനിവാര്യമാണെന്ന് ഓർമ്മിപ്പിക്കട്ടെ.