ചൊവ്വയിലേക്കൊരു യാത്ര

Editorial
ചൊവ്വയിലേക്കൊരു യാത്ര – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ജൂലൈ 20 2020. യു എ ഇ ഒരു ചരിത്ര ദൗത്യത്തിന് സാക്ഷ്യം വഹിച്ച ദിനം. രാഷ്ട്രത്തിന്റെ ശാസ്ത്ര ഗവേഷണ പുരോഗതിയുടെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കാവുന്ന, എമിരേറ്റ്സ് മാർസ് മിഷൻ യാഥാർഥ്യമായിരിക്കുന്നു. അറബ് ലോകത്തിന്റെ ആദ്യത്തെ ഗോളാന്തര പര്യവേക്ഷണ ദൗത്യത്തിനു തുടക്കം കുറിച്ച്‌ കൊണ്ട് ഹോപ്പ് ബാഹ്യാകാശപേടകം ജപ്പാനിലെ തനെഗഷിമ സ്‌പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിക്കപ്പെട്ട ദിനം.

‘ഹോപ്പ് പ്രോബ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ബാഹ്യാകാശപേടകം 200 ദിവസം നീണ്ടു നിൽക്കുന്ന, ചൊവ്വാ ഗ്രഹം ലക്ഷ്യമാക്കിയുള്ള തന്റെ പ്രയാണം ആരംഭിച്ചിരിക്കുന്നു. ഹോപ്പ് ബാഹ്യാകാശപേടകം 2021 ഫെബ്രുവരിയിൽ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 7 മാസം കൊണ്ട് ഏതാണ്ട് 493 മില്യൺ കിലോമീറ്റർ യാത്രചെയ്താണ് ഹോപ്പ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുക.

എന്തുകൊണ്ടാണ് ചൊവ്വാ ദൗത്യം ഇത്രമേൽ പ്രാധാന്യമർഹിക്കുന്നത് എന്ന് പരിശോധിക്കാം. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ സൂര്യനിൽ നിന്നും നാലാമതായി നിലയുറപ്പിച്ചിട്ടുള്ളതും, വലിപ്പത്തിൽ രണ്ടാമത്തെ ഏറ്റവും ചെറിയവനും, അന്തരീക്ഷത്തിൽ ഇരുമ്പിന്റെ അംശമേറിയതിനാൽ ചുവന്ന നിറത്തിലുമുള്ള ഈ ഗ്രഹത്തെ അടുത്തറിയാനും, ലോകം കണ്ടതിൽ വച്ച് ഏറ്റവും നല്ല ചിത്രങ്ങൾ പകർത്താനും ഈ ദൗത്യം ലക്ഷ്യമിടുന്നു. നൂറ്റാണ്ടുകളായി മനുഷ്യ മനസ്സിൽ കയറിക്കൂടിയ ഈ ചുവന്ന ഗ്രഹത്തെ കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കുക, അതിലൂടെ ശാസ്ത്ര മേഖലയ്ക്ക് അറിവിന്റെ പുതിയ വെളിച്ചം പകരുക എന്ന സദുദ്ദേശപരമായ ആശയവും ഈ ദൗത്യത്തിന് പിന്നിലുണ്ട്. ഈ ചരിത്ര ദൗത്യത്തിന്റെ ദൈർഘ്യം ഒരു മാർഷ്യൻ വർഷമാണ് എന്നുവെച്ചാൽ 687 ദിവസം, അതായത് ഭൂമിയിലെ ഏകദേശം രണ്ട് വർഷം. ഈ കാലയളവിൽ ഹോപ്പ് ചൊവ്വയുടെ അന്തരീക്ഷവും, കാലാവസ്ഥയും പഠനവിധേയമാക്കുന്നതാണ്.

ചൊവ്വയിലേക്കുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾക്ക് നിർണായകമാകുന്ന അറിവുകൾ ഹോപ്പ് പ്രോബ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ച് ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കാലയളവിൽ ഹോപ്പ് ശേഖരിക്കുന്ന സമഗ്രമായ വിവരങ്ങൾ ആഗോള ശാസ്ത്ര സമൂഹത്തിന് മുതൽക്കൂട്ടാകും. ആഗോള പൊടി കൊടുങ്കാറ്റിനെക്കുറിച്ച് ഹോപ്പ് കൂടുതൽ ധാരണ നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി അഭിപ്രായപ്പെട്ടിരുന്നു.

ചരിത്രദൗത്യം സാക്ഷാത്കരിക്കാനായതിന്റെ നിറവിൽ നില്ക്കുന്ന കാരുണ്യത്തിന്റെ സ്പർശമുള്ള ഈ മണ്ണിന് എല്ലാവിധ ആശംസകളും ഹൃദയത്തിന്റെ ഭാഷയിൽ നേർന്നുകൊള്ളുന്നു.