ജൂലൈ 27, ഓർമ്മകളിൽ A.P.J എന്ന മൂന്നക്ഷരം തെളിഞ്ഞു വരുന്ന ഒരു ദിനം. എതിർപ്പുകളില്ലാതെ, ഓരോരുത്തർക്കും അവരവരുടേതെന്നു തോന്നിയ “ജനങ്ങളുടെ രാഷ്ട്രപതി“; അതെ ‘അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം’ എന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം വിടവാങ്ങിയിട്ട് ഇന്നേക്ക് 5 വർഷം തികയുകയാണ്. 2015 ജൂലൈ 27-ന് 84-ാം വയസ്സിൽ ആ കർമ്മയോഗി, ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കാലയവനികയിലേക്ക് മറഞ്ഞു. മരണത്തിന് തൊട്ടുമുൻപുള്ള സമയം പോലും ഇന്ത്യയുടെ ഭാവി തലമുറയ്ക്ക് ജീവിതത്തെ നോക്കിക്കാണുവാനുള്ള ജീവിത പാഠം പകർന്നുകൊടുക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. അദ്ദേഹം പുതുതലമുറയെ സ്വപ്നം കാണുവാൻ പഠിപ്പിക്കുകയായിരുന്നു. “നാം ഉറക്കത്തിൽ കാണുന്ന ഒന്നല്ല യഥാർത്ഥ സ്വപ്നം, മറിച്ച് നമ്മുടെ ഉറക്കം കെടുത്തുന്ന ഒന്നായി സ്വപ്നത്തെ കണ്ട് പരിശ്രമിക്കണം” എന്ന് യുവതലമുറയിലൂടെ ഭാവിയിലേയ്ക്കായി അദ്ദേഹം കുറിച്ചു വച്ചിരിക്കുന്നു.
ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല അദ്ദേഹം നമുക്ക്; രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു. വിവിധ വിദ്യാലയങ്ങൾ സന്ദർശിച്ച് അവിടത്തെ വിദ്യാർത്ഥികളുമായി സംവദിക്കുക എന്നത് കലാമിന് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രചോദനം നൽകുന്നവയാണ്. ചെറുപ്പത്തിൽ അബ്ദുൾ കലാമിന്റെ ബന്ധുവായിരുന്ന ഷംസുദ്ദീൻ രാമേശ്വരത്തെ ഒരു പത്രവിതരണക്കാരനായിരുന്നു. രാമേശ്വരത്തു കൂടി കടന്നുപോയിരുന്ന ട്രെയിനുകൾ അവിടെ നിർത്താതിരുന്ന അക്കാലത്ത്, പത്രങ്ങൾ വണ്ടിയിൽ നിന്നും പുറത്തേക്കു കെട്ടുകളായി വലിച്ചെറിയുകയായിരുന്നു പതിവ്. ഈ കെട്ടുകൾ എടുത്തു കൂട്ടുന്നതിൽ ഷംസുദ്ദീനെ അബ്ദുൾ കലാം സഹായിച്ചിരുന്നു. ഈ സഹായത്തിന് ഷംസുദ്ദീൻ കലാമിന് ചെറിയ പാരിതോഷികം നൽകുമായിരുന്നു. ഇതായിരുന്നു തന്റെ ആദ്യത്തെ വേതനം എന്നും അദ്ദേഹം തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു. അവിടെനിന്നും വളർന്ന് ഇന്ത്യയുടെ പരമോന്നത പദവിയായ രാഷ്ട്രപതിസ്ഥാനം അലങ്കരിച്ച എ.പി.ജെ ലാളിത്യത്തിന്റെ പ്രതീകമായിരുന്നു.
സ്ഥാനമാനങ്ങൾ ലഭിച്ചിട്ട് വേണം അഴിമതി നടത്താൻ എന്നോർക്കുന്ന രാഷ്ട്രീയക്കാർക്കിടയിൽ, രാഷ്ട്രമാണ് രാഷ്ട്രീയത്തെക്കാൾ മുന്നിൽ എന്ന തത്വത്തെ ജീവിതം കൊണ്ട് വ്യക്തമാക്കിയ ജനങ്ങളുടെ രാഷ്ട്രപതിയ്ക്ക് പ്രണാമം.
Cover Image: Source