ഹൃദയത്തോടൊപ്പം

Editorial
ഹൃദയത്തോടൊപ്പം – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ലോകമെങ്ങും COVID-19 എന്ന പൊതുശത്രുവുമായുള്ള യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്, അതിനിടയിൽ പതിറ്റാണ്ടുകളായി പ്രവാസികളുടെ ജീവൻ അപഹരിച്ചുകൊണ്ടിരുന്ന ഹൃദയാഘാതം എന്ന രോഗം കൂടുതൽ വ്യാപകമാകുന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഉറക്കത്തിൽ പോലും പ്രാണൻ എടുത്തുപോകും വിധത്തിൽ ഹൃദായാഘാതം പ്രവാസലോകത്തിൽ വീണ്ടും വ്യാപകമാകുകയാണ്.

അടുത്തിടെയായി പ്രവാസികളിൽ, 40 വയസ്സിനു താഴെയുള്ളവരിൽ പോലും ഇത്തരത്തിൽ ഹൃദയാഘാതം ഉണ്ടാകുന്നു എന്ന വസ്തുത സങ്കടവും ഒരേ സമയം ആശങ്കയും ജനിപ്പിക്കുന്നു. നല്ലൊരു ജീവിതത്തിനായി ഉറ്റവരെയും ഉടയവരെയും വിട്ട് മണലാരണ്യത്തിലേയ്ക്ക് ചേക്കേറിയ നമ്മളിൽ കുറച്ചുപേരുടെ ഹൃദയസ്പന്ദനത്തിന് താളഭ്രംശം വന്നത് എന്തുകൊണ്ടായിരിക്കാം? മരണത്തിന്റെ തൊട്ടു മുൻപുവരെ അദ്ധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കിത്തന്ന ജീവിത സാക്ഷികൾ, നിശബ്ദമായ ഒരു താളവ്യതിയാനത്തിൽ മരണത്തിനു കീഴടങ്ങേണ്ടിവരുന്നു.

ജോലിഭാരവും, ഭക്ഷണ ശീലവും, ഉറക്കക്കുറവും ഇങ്ങിനെ ഹൃദയതാളത്തിനു മങ്ങലേൽപ്പിക്കുന്ന കുറച്ചധികം കാര്യങ്ങൾ നമുക്ക് മുന്നിലുണ്ട്. മാറ്റങ്ങളിൽ വച്ചേറ്റവും നല്ല മാറ്റമായി നാം ഇന്ന് മനസ്സിലാക്കുന്ന വേഗതയാർന്ന ജീവിത ശൈലിയും, സൗകര്യത്തിന്റെ മേമ്പൊടിയോടെ നമുക്ക് മുന്നിലേയ്ക്ക് അലസതയുടെ അവസ്ഥ വച്ച് നീട്ടുന്ന, എന്നാൽ മാനസിക പിരിമുറുക്കം കൂട്ടുന്ന ഇന്റർനെറ്റ് ചർച്ചകളും, കാഴ്ചകളും അങ്ങിനെ പലതുമാകാം ഈ അവസ്ഥയ്ക്ക് കാരണങ്ങൾ.

നമ്മൾ ഇന്ത്യക്കാരുടെ ജനിതക ഘടന ഹൃദയാഘാതത്തിനു ആക്കം കൂട്ടുന്ന ഒന്നായാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം നമ്മുടെ ഭക്ഷണ ശീലവും, അമിതമായി മസാല, ജങ്ക് ഫുഡ്, മധുരപാനീയങ്ങൾ എന്നിവയുടെ ഉപയോഗം, ഇതെല്ലാം രോഗസാധ്യതകൾ വർധിക്കുന്നതിനു ഇടയാക്കുന്നുണ്ട്. ഭക്ഷണത്തിൽ പോലും ശൗര്യവും വീര്യവും തെളിയിക്കാൻ അമിതമായി ഉപ്പും, മുളകും, പുളിയും ഉപയോഗിക്കുന്നതും, കൊഴുപ്പേറിയ ഭക്ഷണം ശീലത്തോടൊപ്പം, വ്യായാമത്തോടുള്ള താൽപര്യക്കുറവും, നാം ഹൃദയത്തെ സ്നേഹിക്കാൻ പാടെ മറന്നിരിക്കുന്നു എന്നതിന് തെളിവുകളാണ്.

ഉടലിവിടെയും മനസ്സവിടെയും എന്ന അവസ്ഥയിൽ കഴിയുന്ന പ്രവാസികൾ, നൂതന സാങ്കേതിക വിദ്യകളുടെ എല്ലാ സാധ്യതകളും മനസ്സിലാക്കിയ ശേഷം, ശരീരത്തിനും മനസ്സിനും വിശ്രമത്തിനും, ആശ്വാസത്തിനും വേണ്ട ഇടവേളകൾ പോലും പിരിമുറുക്കമുണ്ടാക്കുന്ന കാഴ്ച്ചകളുടെയും, വാർത്തകളുടെയും ലോകത്തിൽ വിഹരിക്കാൻ താല്പര്യപ്പെടുന്നുണ്ട്. നാടിനെപ്പറ്റിയുള്ള വ്യാകുലതകളാകാം അവരെ ഇതിലേക്ക് നയിക്കുന്നതെങ്കിലും, ഇവ ശരീരത്തിനും മനസ്സിനും ഉണ്ടാക്കുന്ന സമ്മർദ്ദം വളരെ വലുതാണ്. കൂട്ടായ്മകൾ കുറയുന്നതും ഒരു കാരണമാകാം; പെട്ടന്ന് തന്നെ തിരക്കിൽ നിന്നും മാറി ഒറ്റപ്പെടലിന്റെ നൊമ്പരത്തിലമരുന്നു പല പ്രവാസികളും.

പണ്ടുള്ള പ്രവാസി ജീവിതങ്ങൾ മറുനാട്ടിലുള്ള അവരുടെ ബാച്‌ലർ റൂമുകളെ അവരവരുടെ രണ്ടാം വീടായി കണ്ടിരുന്നു. ഒഴിവു സമയങ്ങൾ അവർ പരസ്പ്പരം കുശലങ്ങൾ പറഞ്ഞും, ഭക്ഷണം പാകം ചെയ്തും കഴിഞ്ഞിരുന്നു. ഇത് നൽകുന്ന മാനസികാരോഗ്യം വളരെ വലുതാണ്. എന്നാൽ ഇന്ന് ഒരു മുറിയിൽ നാല് കട്ടിലുണ്ടെങ്കിൽ, നാല്പേരും ഇന്റർനെറ്റ് എന്ന മായാ ലോകത്തിലൂടെ നാല് ദിശയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാകും. പരസ്പ്പരം മിണ്ടാതെയും, അറിയാതെയും തങ്ങളുടെ ഒറ്റപ്പെടലിൽ എത്തിച്ചേരാൻ ഇന്നത്തെ ഓരോ പ്രവാസവും ശീലിക്കുന്നു.

ഇതോടൊപ്പം കഴിഞ്ഞ ഏതാനം മാസങ്ങളായി COVID-19 എന്ന മഹാമാരി കൊണ്ടുവന്ന, നാളിതുവരെ അനുഭവിക്കാത്തതിലും വലിയ മാനസിക സമ്മർദവും, ഭീതിയും, ഭാവിയെപ്പറ്റിയുള്ള ഉത്കണ്ഠയും, നാടാണയാനുള്ള മോഹവും എല്ലാം പ്രവാസഹൃദയങ്ങളെ ബാധിക്കുന്നുണ്ട്. ഹൃദയാരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതിനായി ഒറ്റപ്പെട്ട നീക്കങ്ങൾ മതിയാകില്ല; ഓരോരുത്തരും കഴിയാവുന്ന ആരോഗ്യപരമായ ചിട്ടകൾ പാലിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ കരുതലും ഇതിനായി ആവശ്യമുണ്ട്. സമൂഹത്തിലെ ഒരു കണ്ണിയാണ് ഓരോരുത്തരും എന്ന തോന്നൽ പരസ്പ്പരം നൽകി ഓരോരുത്തരെയും ജീവിതത്തോട് ചേർത്ത പിടിക്കാനുള്ള ശ്രമങ്ങൾ പൊതുജനങ്ങളും, സാമൂഹ്യസംഘടനകളും നടത്തേണ്ടത് വളരെ അത്യാവശ്യമാണ്. മനസ്സിലെ പിരിമുറുക്കങ്ങളും, ഭാരവും ഇറക്കി വയ്ക്കാൻ നമുക്കിടയിൽ ചില ചുമട് താങ്ങികൾ കൂടിയേ തീരൂ.