“ക്രിട്ടിക്കൽ ഇവന്റ് മാനേജ്‌മെന്റ് യൂണിറ്റ്” – മഹാവ്യാധി നമുക്ക് മുന്നിൽ വയ്ക്കുന്ന ആശയം.

Editorial

നാം പലതും പുതിയത് പഠിച്ചുകൊണ്ടിരിക്കയാണെന്നു തോന്നിപോകുന്നു. മാറി വരുന്ന പ്രകൃതിക്ഷോഭങ്ങളും, അപകടങ്ങളും, ഇപ്പോൾ വന്നിരിക്കുന്ന COVID-19 എന്ന ആഗോള മഹാവ്യാധിയും നമ്മെ പലതും പുതിയത് പഠിപ്പിക്കാൻ ശ്രമം നടത്തുന്നു. നമ്മൾ എന്ന് പറയുന്നത് ലോകത്തിലെ വളരെ ചെറിയ സമൂഹവും എന്നാൽ ലോകമെമ്പാടും പടർന്നു സഞ്ചരിക്കുന്ന കേരളീയരെ ഉദ്ദേശിച്ചാണ്. പലതിലും പരത്തിയുള്ള നമ്മുടെ വിജ്ഞാനമാണ് ഈ ലോക കാഴ്ചയ്ക്ക് കാരണവും. പ്രളയ സമയത്ത് നാം ആർജ്ജിച്ച ഒരു വലിയ പാഠമാണ് ദുരന്ത നിവാരണ യൂണിറ്റ് എന്ന സംവിധാനവും അതിന്റെ പ്രാധാന്യവും. ദുരന്തമുഖങ്ങളിലും, ദുരന്ത ശേഷമുള്ള അതിജീവനത്തിന്റെ വേളയിലും, ഇനി വരാനിരിക്കുന്ന ദുരന്തത്തെ തടയുന്നതിനെക്കുറിച്ചും, അത്തരം നിർണായക സമയങ്ങളിൽ സമയോചിതമായി എങ്ങിനെ ഒരു വ്യക്തി ഇടപെടണമെന്നതിനെക്കുറിച്ചും എല്ലാം ഇന്ന് നമ്മൾ നിരന്തരം പഠിച്ചുകൊണ്ടിരിക്കുകയാണ്. പലപ്പോഴും വൈകാരികമായി ഏതൊരു വിഷയത്തെയും സമീപിക്കുന്ന നമുക്ക് ഈ പഠനങ്ങളോട് ഒരു മുഖം തിരിച്ചിൽ ഉണ്ടങ്കിലും, പലപ്പോഴും ചിലത് നിർബന്ധമായും നാം പാലിക്കേണ്ട വിഷയങ്ങളിൽ പെടുത്തി ഇത്തരം ബോധവൽക്കരണത്തെ നാം അടുത്ത തലമുറയ്‌ക്കെങ്കിലും പകർന്നു കൊടുക്കേണ്ടതുണ്ട്.

ഇന്ന് അത്തരത്തിലുള്ള ഒരു പ്രതിസന്ധികൂടി വന്നു ചേർന്നിരിക്കുന്നു. നമ്മുടെ രാജ്യത്ത് മാത്രമല്ല നൂറിൽ പരം രാജ്യങ്ങളെ ചോദ്യചിഹ്നത്തിൽ നിർത്തിയിരിക്കുന്ന അവസ്ഥ. ചോദ്യങ്ങൾ ഒരുപാടുണ്ടാകുന്ന അവസരം, എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ മുൻപരിചയമില്ലാത്ത ചോദ്യങ്ങളേക്കാൾ കൂടുതൽ വേണ്ടത് പരിഹാരങ്ങളാണ്. ഇവിടെ ഏറ്റവും നല്ല പരിഹാരം എന്ന ഒന്നുണ്ടായെന്നുവരില്ല, കാരണം ലോകത്തിനു മുന്നിലാണ് ഈ സംശയം നിലനിൽക്കുന്നത്, അതുകൊണ്ട് കൂട്ടായ പ്രവർത്തനങ്ങളിലൂടെ മാത്രമായിരിക്കാം പരിഹാരങ്ങൾ കണ്ടെത്താൻ സാധ്യമാകുന്നത്. ഇന്ന് ഇന്റർനെറ്റ് എന്ന മഹാശൃംഖലയിലൂടെ ലോകം മുഴുവൻ നമുക്ക് കാഴ്ച നൽകിയിരിക്കുന്നു. നമുക്ക് വിദൂരത്തിൽ എന്ത് നടക്കുന്നു എന്നെല്ലാം അറിയുന്നതിന് പരിഷ്‌കൃത സമൂഹത്തിനു നിമിഷങ്ങൾ മാത്രം മതി എന്ന അവസ്ഥ. ഓരോ നിമിഷവും നാം വാർത്തകൾ അറിഞ്ഞുകൊണ്ടേയിരിക്കുന്നു, അതിൽ ശരിയായതും അല്ലാത്തതും എല്ലാം ഉണ്ട്; കാരണം ഇന്റർനെറ്റ് എന്ന സുതാര്യമായ പ്രതലത്തിൽ എന്തും എഴുതാം , ആർക്കും എന്തും വായിക്കാം. ഏതൊരു രാജ്യത്തിനും കൈകൊള്ളാവുന്ന ഒരു പരിഹാരമാണിവിടെ ചർച്ചയ്ക്ക് വയ്ക്കുന്നത്; “ക്രിട്ടിക്കൽ ഇവന്റ് മാനേജ്‌മെന്റ് യൂണിറ്റ് “. ഈ യൂണിറ്റിന്റെ പ്രവർത്തന രീതിയിലൂടെ ഒന്ന് കണ്ണോടിക്കാം.

“നിർണ്ണായക സന്ദർഭങ്ങൾ” എന്ന് ഒരു സംസ്ഥാനത്തിനോ, രാജ്യത്തിനോ തോന്നുന്ന സമയം ഈ യൂണിറ്റ് പ്രവർത്തനം തുടങ്ങേണ്ടതാണ്. എല്ലാ മന്ത്രാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കുന്ന ഓരോ പ്രതിനിധിയും, വകുപ്പ് തല ഉദ്യോഗസ്ഥരും, പോലീസ് ഉദ്യോഗസ്ഥരും, മെഡിക്കൽ ബോർഡ് ടീം പ്രതിനിധികളും, ദുരന്ത നിവാരണ പ്രവർത്തനത്തിലെ മുതിർന്നവരും, ചെയ്യുന്നതിലെ ശരികൾ അറിയുന്ന സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന ഒരു സിംഗിൾ ബോഡി ആയിരിക്കണം ഈ യൂണിറ്റ് കൈകാര്യം ചെയ്യേണ്ടത്, ഇതിൽ ഒരു വാർത്താ ബോർഡും, കോൺടാക്ട് സെല്ലും ഉണ്ടായിരിക്കണം. കാരണം നിർണ്ണായക ഘട്ടങ്ങളിൽ തീരുമാനങ്ങൾക്ക് കാലതാമസം വരുവാൻ പാടുള്ളതല്ല. ഈ ഘട്ടം ഒരു ഭരണകൂടം അറിയിച്ചു കഴിഞ്ഞാൽ അവിടെയുള്ള സാധാരണ ജനങ്ങളും ഈ യൂണിറ്റ് പുറപ്പെടുവിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ ക്ഷമയുള്ളവരായിരിക്കണം, അതിനായി സമൂഹത്തിലുള്ള സൂക്ഷ്മതലത്തിൽ ബോധവത്കരണം നടത്തേണ്ടതുണ്ട്. ഇപ്പോൾ പോലും (COVID-19) സന്ദർഭത്തിലും നാം എന്തുമാത്രം വ്യാജവാർത്തകളാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ആത്മവിശ്വാസം വളരെ അധികം വേണ്ടയൊന്നാണ്, പരസ്പ്പരം പഴിചാരുന്നതിലൂടെയും, കുറ്റവും കുറവും പറയുന്നതും നിർണ്ണായക ഘട്ടങ്ങളെ സങ്കീർണ്ണമാക്കാനേ സഹായിക്കു. ഇത്തരം സന്ദർഭങ്ങളിൽ വിവരങ്ങളുടെ (data) പ്രാധാന്യം വളരെ വലുതാണ്. ഉദാ : ഇത്തരം നിർണ്ണായക ഘട്ടങ്ങളിൽ നമുക്കൊരു ഫോം പൂരിപ്പിക്കാൻ നൽകിയാൽ അത് മുഴുവൻ വായിച്ചുനോക്കി മുഴുവനായി പൂരിപ്പിച്ചു അതിൽ പറഞ്ഞിരിക്കുന്നതും, എഴുതിയിട്ടുള്ളതുമായ കാര്യങ്ങൾ എല്ലാം സത്യസന്ധമാണെന്നും സാക്ഷ്യപ്പെടുത്തേണ്ടതിനു പകരം ആ പ്രക്രിയയെ പരിഹസിക്കുന്നതും, മുഖം തിരിക്കുന്നതും അപകടമാണ്. അസുഖം എന്നത് മറ്റൊരാൾക്ക് മാത്രം വരുന്ന ഒന്നല്ലെന്നും, അത് തനിക്കും വന്നേക്കാം എന്ന ബോധ്യം നാം ഓരോരുത്തരും മനസ്സിലാക്കണം. ഒരു നിർണ്ണായക നിമിഷത്തിൽ സുരക്ഷയ്ക്ക് പരമപ്രാധാന്യം എന്ന് സ്കൂൾ തലങ്ങളിൽ തന്നെ പഠിപ്പിക്കേണ്ടത് അനിവാര്യമായി കണക്കാക്കാം.

പത്രസ്വാതന്ത്ര്യവും, വിവരങ്ങൾ അന്ന്വേഷിച്ചറിയാനുള്ള പത്രപ്രവർത്തനത്തിലെ കഴിവുകളും ഈ യൂണിറ്റിന് ബലമേകുന്ന ഒന്നാണ്. ഇപ്പോൾ ഈ മഹാവ്യാധിയെ തടയുന്നതിന്റെ ഭാഗമായി യാത്രകൾ മുടങ്ങുന്നു എന്ന അസൗകര്യത്തെക്കാൾ, ‘ഇതാണ് ഈ സമയം എടുക്കേണ്ട നിർണ്ണായകമായ തീരുമാനം’ എന്ന് മനസ്സിലാക്കാൻ നമ്മുടെ ഓരോരുത്തരുടെയും മനസ്സുകൾ തയ്യാറെടുക്കേണ്ടത് അത്യാവശ്യമായി കണക്കാക്കാം. നമ്മുടെ ഭരണ സംവിധാനങ്ങൾ സുശക്തമാണ്, അവയെ ക്രോഡീകരിക്കേണ്ട ഒരു അവസ്ഥയെ നമുക്ക് മുന്നിലുള്ളൂ.

എല്ലാവരും ശുചിത്വം ശീലമാക്കുക, ആരോഗ്യ ഭരണകേന്ദ്ര നിർദ്ദേശങ്ങൾ പാലിക്കുക, പരസ്പ്പരം സഹകരിക്കുക…

പ്രവാസി ഡെയ്‌ലി എഡിറ്റോറിയൽ