റാണി ലക്ഷ്‌മി ഭായ്

Editorial
റാണി ലക്ഷ്‌മി ഭായ് – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

ബ്രിട്ടീഷ് അധിനിവേശത്തിന്റെയും, ശക്തമായ ഇന്ത്യൻ ചെറുത്ത്നില്പിന്റെയും കാലഘട്ടമായിരുന്നു 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ. “personable, clever and beautiful, and she is the most dangerous of all Indian leaders“, റാണി ലക്ഷ്‌മി ഭായ് ഓഫ് ഝാൻസി അഥവാ ഝാൻസി റാണിയെ കുറിച്ച് അവർക്കെതിരെ ബ്രിട്ടീഷ് പട നയിച്ച അന്നത്തെ കമാൻഡിങ് ഓഫീസർ സർ ഹ്യുഗ് റോസിന്റെ വാക്കുകളാണിത്.

ശത്രുപക്ഷം സാധാരണയിൽ കവിഞ്ഞ് കരുത്തുറ്റവരായിരുന്നു. ഗണ്യമായ സ്വാധീന ശക്തിയുള്ള മൂന്ന് പ്രധാന നേതാക്കൾക്ക് കീഴിലായിരുന്നു അവർ അണിനിരന്നത്. നാനാ സാഹിബിന്റെ മരുമകൻ റാവു സാഹിബ്, ബന്ദായിലെ നവാബ്, പിന്നെ ഝാൻസിയിലെ റാണി. ഇതിൽ ഉന്നത വംശപാരമ്പര്യമുള്ള റാണി, തന്റെ പടയാളികളോടും, ഭൃത്യന്മാരോടും പുലർത്തിയിരുന്ന അതിരറ്റ ഉദാരശീലം, ലോകത്തൊന്നിനും ഇളക്കാൻ കഴിയാത്ത അവരുടെ സഹനശക്തി എന്നിവ, അവരെ അത്യന്തം ജനസ്വാധീനമുള്ളതും, അപകടകാരിയായതുമായ എതിരാളിയാക്കിമാറ്റുന്നു.“, ഫീൽഡ് മാർഷൽ ഹ്യൂഗ് ഹെൻറി റോസ് തന്റെ അധികാരികൾക്ക് അയച്ച റിപ്പോർട്ടുകളിൽ ഇപ്രകാരം കുറിക്കുന്നു. (The Rebellious Rani of Jhansi, Brig. Sir John Smythe) തന്റെ എതിരാളിയിൽ പോലും ആദരവിന്റെ ഭാവം ഉളവാക്കിയ ധീര വനിത.

ഇന്നത്തെ കാലത്ത് നമുക്കിടയിൽ സ്ത്രീകൾ പലപ്പോഴും ഇച്ഛാശക്തിയോടെയും, നിലപാടുകളിൽ ഉറച്ചു നിന്നും പ്രവർത്തിക്കുമ്പോൾ ചിലരെങ്കിലും ഉപയോഗിച്ച് കേൾക്കുന്ന ഒരു പ്രയോഗമായി മാത്രം പരിമിതപ്പെടുന്നു ആധുനിക കാലത്തെ ചിന്തകളിൽ ‘ഝാൻസി റാണി‘ എന്ന നാമം. ഇച്ഛാശക്തിയ്ക്ക് മുന്നിൽ സ്ത്രീപുരുഷ ഭേദമില്ലെന്ന് തെളിയിച്ചു തന്ന ജീവിതമായിരുന്നു റാണിയുടേത്. 1858 ജൂൺ 18-ന് അവർ ബ്രിട്ടീഷ് സൈന്യത്തോട് ഏറ്റുമുട്ടി വീരമൃത്യു വരിക്കുമ്പോൾ, കേവലം 29 വയസ്സായിരുന്നു ആ ധീര വനിതയ്ക്ക് പ്രായം.

കുട്ടിക്കാലത്ത് മണികർണ്ണികാ എന്നറിയപ്പെട്ടിരുന്ന ലക്ഷ്മിഭായ്, 1842-ൽ ഝാൻസി ദേശത്തെ മഹാരാജാവായ രാജ ഗംഗാധർ റാവുവിനെ വിവാഹം കഴിച്ചു. അവർക്കുണ്ടായ കുഞ്ഞു ചെറുപ്പത്തിലേ മരിക്കുകയും, തുടർന്ന് ഇരുവരും ഒരു കുട്ടിയെ ദത്തെടുക്കുകയും, ദാമോദർ റാവു എന്ന് ആ കുട്ടിക്കു പേര് നല്‌കുകയും ചെയ്തു. 1853-ൽ മഹാരാജാവ് മരണപ്പെട്ട സാഹചര്യത്തിൽ, പിന്തുടർച്ചാവകാശ പ്രക്രിയയിൽ അന്നത്തെ “Doctrine of lapse“, അഥവാ ദത്തപഹാര നിയമം ഝാൻസിയിൽ നടപ്പാക്കുന്നു; ഡൽഹൗസി പ്രഭു നടപ്പിലാക്കിയ ഈ നയം ഉപയോഗിച്ച്, ഇന്ത്യയിൽ ബ്രിട്ടീഷുകാർ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്ത് കൈപ്പിടിയിലാക്കിയ കൊട്ടാരങ്ങളും, നാട്ടുരാജ്യങ്ങളും, സ്വത്തുവകകളും ചില്ലറയല്ല. ഇതേ നിയമം വച്ച് ഝാൻസിയിലെ കോട്ടയും സ്വത്തുവകകളും ബ്രിട്ടീഷ് സൈന്യം പിടിച്ചെടുക്കുന്നു.

അവിടെ നിന്നും പലായനം ചെയ്ത ലക്ഷ്മിഭായ് “റാണി മഹളിലേയ്ക്ക്” താമസം മാറുകയും, തന്റെ ദേശം ബ്രിട്ടീഷുകാരിൽ നിന്നും രക്ഷിച്ചെടുക്കുന്നതിനായി താന്തിയ തോപ്പിയുടെയും, റാവു സാഹിബിന്റെയും പട്ടാളത്തോടൊപ്പം മുൻ നിരയിൽ നിന്ന് പോരാടുന്നു. വീരോചിതമായ പോരാടിയ ലക്ഷ്മിഭായ് ബ്രിട്ടീഷുകാരുടെ തോക്കിനു മുന്നിൽ വീരമൃത്യു വരിച്ചു. ഈ പോരാട്ടത്തെ സുഭദ്രകുമാരി ചൗഹാൻ രചിച്ച “ഝാൻസി കി റാണി” എന്ന പ്രശസ്തമായ കവിതയിൽ ഇപ്രകാരം അനശ്വരമാക്കിയിരിക്കുന്നു, “Khoob ladi mardhani woh tho Jhansi wali Rani thi.” (ഖൂബ് ലഡി മാർദ്ധാനി, വോ ത്തോ ഝാൻസി വാലി റാണി ധി), “പുരുഷവീര്യത്തോടെ ഭംഗിയായി പോരാടിയ ആ വീര്യം മറ്റാരുമല്ല, അത് ഝാൻസിയിലെ റാണിയായിരുന്നു

പോരാട്ടവീര്യത്തിന്റെ ചരിത്രമുറങ്ങുന്ന നമ്മുടെ ഭാരതമണ്ണിൽ, അതിക്രമിച്ച് കടക്കുന്നതിന് മുൻപ് ഓരോ ശക്തിയും ഓർമ്മിക്കേണ്ട ഒന്നുണ്ട്, ഇത്തരത്തിലുള്ള നിരവധിയനവധി ചരിത്രജീവിതങ്ങൾ ഓരോ ഭാരതീയമനസ്സുകളിലും നിലനിൽക്കുന്നുണ്ടെന്ന സത്യം. അതിർത്തിയിൽ നമ്മുടെ രാജ്യസുരക്ഷയ്ക്കായി നിലയുറപ്പിച്ചിരിക്കുന്ന ഓരോ ധീര ജവാനോടൊപ്പവും നമ്മളോരോരുത്തരുടേയും ദൃഢമായ പ്രാർത്ഥനയും കരുതലും വേണ്ട ഒരു സമയമാണിത്. ചെറുത്ത് നിൽപ്പിന്റെ ധീരമായ ഈ ഓർമ്മ നമുക്ക് മുന്നിൽ വെളിച്ചമായി നിലകൊള്ളട്ടെ.

Cover Image: from The history of the Indian revolt and of the expeditions to Persia, China, and Japan by George Dodd, 1859 (Pub. London, Edinburgh, W. and R. Chambers)

Leave a Reply

Your email address will not be published. Required fields are marked *