ഏതൊരാളുടെയും സ്വകാര്യ വിഷയമാണ് അവരുടെ ദാമ്പത്യജീവിതം. ഇല്ലായ്മകളും, വല്ലായ്മകളും, പരാതികളും, പരിഭവങ്ങളും എല്ലാം സ്നേഹമെന്ന അളവുപാത്രത്തിൽ ക്രമീകരിച്ചു നിർത്തി, തുളുമ്പാതെ മനസ്സുകൾ ഒന്നായി മുന്നോട്ട് നീങ്ങേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കി തരുന്ന നാടിനെ ഞെട്ടിക്കുന്ന ഒരു ക്രൂരകൃത്യം, അതിനു നമ്മുടെ സാക്ഷര കേരളവും സാക്ഷിയാവുകയായിരുന്നു. ഷെർലക് ഹോംസ് കഥകളിൽ വായിച്ചെടുത്ത പോലെ ഒരു കൊലപാതകം; തീർത്തും നടക്കാൻ പാടില്ലാത്തതും, നിർഭാഗ്യകരവുമാണ് ഇത്തരം ഓരോ സംഭവങ്ങളും. പൊതു വേദികളിൽ ചർച്ച ചെയ്യേണ്ടുന്ന കാര്യമല്ല ദാമ്പത്യം എന്ന വസ്തുത നിലനിൽക്കുമ്പോളും, ഈ സംഭവം നൽകുന്ന ചില പാഠങ്ങൾ പങ്കുവയ്ക്കാമെന്നു കരുതുന്നു.
ദാമ്പത്യത്തിൽ ഭർത്താവിനും ഭാര്യയ്ക്കും തുല്യ അവകാശമാണ്; എന്നാലത് പത്രങ്ങളിലും, പൊതു ചർച്ചയിടങ്ങളിലും മാത്രമാണെന്നതാണ് യാഥാർഥ്യം. ഭർത്താവാണ് ദാമ്പത്യത്തിൽ മുഖ്യൻ എന്നും, ഭാര്യയ്ക്കുള്ള സ്ഥാനം അടുക്കളപ്പുറങ്ങളിലും, കിടപ്പറയിലും മാത്രമാണെന്നുമുള്ള അധികാര വിചാരം മിക്ക ഭർത്താക്കന്മാരിലും നിലകൊള്ളുന്നു. അതൊന്നുമില്ലെന്നു ചിന്തിക്കുന്ന ഭർത്താക്കന്മാരിലും ഏതെങ്കിലും ഒരു ഘട്ടത്തിൽ ഭാര്യ ഒരു പടി താഴെ നിന്നാൽ മതി എന്ന തോന്നൽ വന്നിട്ടുണ്ടായിരിക്കാം, പുറമേയ്ക്ക് പ്രകടമാക്കിയിട്ടില്ലെങ്കിലും.
വിവേകത്തിന് മുകളിൽ വികാരതീവ്രമായ തീരുമാനങ്ങൾ കൈകൊള്ളുന്നതിനു മുൻപ് വിവാഹ ജീവിതത്തിൽ ഭാര്യയും ഭർത്താവും പരസ്പ്പര പൂരകമാണെന്നു മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. കുടുംബ വഴക്കുകളിലും, അച്ഛനമ്മമാർ ചേരിതിരിഞ്ഞുള്ള സ്വത്ത് വഴക്കുകളിലും, സ്ത്രീധന വിലപേശലുകളിലും, ഭാര്യയുടെ സ്നേഹമറിഞ്ഞ ഭർത്താവ് അവളോടൊപ്പം എന്നും താങ്ങും തുണയുമായി നിൽക്കേണ്ടതിനു പകരം അവരെ കൊലപ്പെടുത്തേണ്ടുന്ന രീതിയിലേക്ക് നമ്മുടെ ചിന്തകൾ പരിമിതപ്പെട്ടിരിക്കുന്നു. വർദ്ധിച്ചു വരുന്ന വിവാഹമോചനങ്ങളും, ഗാർഹിക പീഡനങ്ങളും ഇത്തരം ചിന്തയില്ലായ്മകളുടെ തെളിവായി കണക്കാക്കാവുന്നതാണ്. പ്രതിവർഷം കാൽ ലക്ഷത്തോളം വിവാഹമോചന കേസുകളാണ് നമ്മുടെ കുടുംബ കോടതികളിൽ എത്തുന്നത്. ഇനി അങ്ങോട്ട് നമ്മൾ ഒന്നിച്ച് എന്ന് പറഞ്ഞു തുടങ്ങുന്ന ദാമ്പത്യം അതിന്റെ പുതുമോടി മാറുമ്പോഴേക്കും വഴിപിരിയാനുള്ള വ്യഗ്രതയിലേയ്ക്ക് കാര്യങ്ങൾ ലഘൂകരിച്ച് കാണുന്നൂ എന്ന് പലപ്പോഴും തോന്നിപോകുന്നു.
ഗാർഹിക പീഡനങ്ങളെ ‘ഷാഡോ പാൻഡെമിക്‘ എന്നാണ് ഐക്യരാഷ്ട്ര സഭ വിശേഷിപ്പിക്കുന്നത്. എന്ന് വച്ചാൽ, പ്രത്യക്ഷത്തിൽ കാണുന്നില്ലെങ്കിലും, ഗാർഹിക പീഡനം എന്ന നിഴൽ മഹാമാരി, ലോകത്താകമാനം നടന്നുകൊണ്ടിരിക്കുന്ന ഒരു വസ്തുതയാണ് എന്നർത്‌ഥം. മനസ്സിൽ ദേഷ്യമോ, വിദ്വേഷമോ, സങ്കടമോ വരുമ്പോൾ ആ സമയം കഴിഞ്ഞുള്ള, അല്ലങ്കിൽ അതിനു മുൻപുള്ള സ്വസ്ഥമായ സമയത്തെക്കുറിച്ചൊന്നു ഓർക്കാൻ ശ്രമിച്ചു നോക്കൂ, മനസ്സിൽ ക്ഷമയുടെ വസന്തം തളിരിടുന്നത് അറിയാനാകും. സ്നേഹത്തിന് അളവുകോൽ വെക്കേണ്ട; മനസ്സ് തുറന്നു സ്നേഹിക്കുക, വിഷമങ്ങൾ പരസ്പ്പരം ഒപ്പിയെടുക്കാൻ ഓരോ ദാമ്പത്യങ്ങൾക്കും സാധ്യമാകട്ടെ, വഞ്ചനയുടെ വിഷം പുരളാതിരിക്കട്ടെ.