ഇതിഹാസം മൺമറയുന്നു

Editorial
ഇതിഹാസം മൺമറയുന്നു – കേൾക്കാം ഇന്നത്തെ എഡിറ്റോറിയൽ!

1948, സ്വതന്ത്ര ഇന്ത്യ ആദ്യത്തെ ഒളിംപിക്‌സ് ഗോൾഡ് മെഡൽ കരസ്ഥമാക്കുന്നു. ലണ്ടൻ ഒളിംപിക്സിൽ ഗ്രേറ്റ് ബ്രിട്ടനെതിരെ നടന്ന ഹോക്കി ഫൈനലിൽ 4-0 ന് ഇന്ത്യ വിജയികളായപ്പോൾ ഏവരുടെയും ശ്രദ്ധയാകർഷിച്ച ചുറുചുറുക്കുള്ള കളിക്കാരനായിരുന്നു ബൽബീർ സിംഗ് ദോസോഞ്ജ്, അഥവാ ബൽബീർ സിംഗ് സീനിയർ. അന്ന് അദ്ദേഹം നേടിയ 2 ഗോളുകൾ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷവും ലോക ഹോക്കിയിൽ ഇന്ത്യ തുടർന്ന സമ്പൂർണ്ണ ആധിപത്യത്തിനു അടിവരയിടുന്നതായിരുന്നു.

1928 മുതൽ 1964 വരെ എട്ട് ഒളിംപിക്സുകളിലായി ഏഴു സ്വർണ്ണ മെഡലുകൾ നേടിയ ഇന്ത്യൻ ഹോക്കിയുടെ സുവർണ്ണ കാലഘട്ടം. നാടോടിക്കഥകളിലെ മാന്ത്രിക കഥാപാത്രങ്ങളെ പോലെ, ലോകത്തെ മുഴുവൻ ഹോക്കി പ്രേമികളെയും, ഹോക്കി മൈതാനങ്ങളെയും തന്റെ മാസ്മരികമായ ഗോളടി വൈദഗ്ദ്യം കൊണ്ട് ഭ്രമിപ്പിച്ച ധ്യാൻചന്ദ് എന്ന ഹോക്കി ഇതിഹാസം കളംനിറഞ്ഞാടിയ 1920-കൾക്കും, 1930-കൾക്കും ശേഷം ഇന്ത്യൻ ഹോക്കിയുടെ നിലവാരം അതേപടി നിലനിർത്തുന്നതിൽ ബൽബീർ സിംഗ് സീനിയർ വഹിച്ച പങ്ക് ചെറുതല്ല.

1948-നു ശേഷം, 1952-ൽ ഹെൽസിംഗി ഒളിപിക്‌സിൽ നെതർലാൻഡിനെതിരെ 6-1 നും, തുടർന്നുള്ള 1956-ലെ മെൽബൺ ഒളിംപിക്സിൽ പാകിസ്ഥാനെതിരെ 1-0 നും വിജയിച്ച് ഇന്ത്യ തുടർച്ചയായി മൂന്നു തവണ ഒളിംപിക് ഗോൾഡ് മെഡൽ കരസ്ഥമാക്കുമ്പോഴും, ആധുനിക കാലത്തെ ധ്യാൻചന്ദ്, എന്ന വിളിപ്പേരുള്ള, ലോകഹോക്കിയിലെ എക്കാലത്തെയും മികച്ച സെന്റർ ഫോർവേഡ് എന്ന് കണക്കാക്കപ്പെടുന്ന, ബൽബീർ സിംഗ് സീനിയർ ആ വിജയങ്ങളുടെ അവിഭാജ്യഘടകമായി; ഉപനായകനായും, നായകനായും ചരിത്രത്തിലിടം നേടി. ഒളിംപിക്സ് ഫൈനലിൽ ഏറ്റവുമധികം ഗോളുകൾ നേടിയ പുരുഷതാരം എന്ന റെക്കോർഡും ഇദ്ദേഹത്തിന് സ്വന്തമാണ്.

1956- Melbourne Olympic Victory Ceremony from ‘The Golden Hat-Trick – The Autobiography of Balbir Singh’

സ്പോർട്സ് എന്നാൽ ക്രിക്കറ്റ് എന്ന് അർത്ഥം കാണുന്ന ഈ കാലത്ത് ഇദ്ദേഹത്തെ പോലുള്ള ഇതിഹാസ താരങ്ങളെ ഓർത്തെടുക്കാൻ അവരുടെ അദ്ധ്യായം കഴിയാൻ നാം കാത്തിരിക്കുന്നു. 2020 മെയ് 25-നു 95-ആം വയസ്സിൽ ബൽബീർ സിംഗ് സീനിയർ വിടപറയുമ്പോൾ, അദ്ദേഹത്തന്റെ ഓർമ്മക്കുറിപ്പിലെ ഒരു വാചകം ഓർത്തെടുക്കാം. “ലോകം നിശബ്ദമായ ആ സമയം; ഉയർന്നു പൊന്തുന്ന ഇന്ത്യൻ പതാകയും, ഉയർന്നു കേൾക്കുന്ന ദേശീയ ഗാനവും, അനുഭവിച്ചറിഞ്ഞ ആ വികാരം പറഞ്ഞറിയിക്കാൻ പ്രയാസകരമാണ്.”. ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായി പഞ്ചാബിലെ മോഗ ഗ്രാമത്തിൽ പിറന്ന ബൽബീറിന്റെ ഉള്ളിലും ഒരു തികഞ്ഞ ഭാരതീയൻ ഉണ്ടായിരുന്നു എന്ന് ഈ വരികളിൽ സ്പഷ്ടമാകുന്നു.

ചെറുപ്പത്തിൽ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിൽ പങ്കെടുത്തതിനും, അവരോടൊപ്പം പ്രവർത്തിച്ചതിനും തന്റെ പിതാവിനെ പോലീസുകാർ ക്രൂരമായി മർദിച്ചിരുന്നത് കണ്ട് വളർന്ന ബൽബീറിന് പോലീസ് എന്നാൽ ഭയവും വെറുപ്പുമായിരുന്നു. കുട്ടിക്കാലം മുതൽക്കേ ഹോക്കിയിൽ പ്രാവീണ്യം നേടിയ അദ്ദേഹത്തിന്റെ കഴിവ് അന്നത്തെ പഞ്ചാബ് പോലീസ് ഓഫീസർ ആയിരുന്ന ജോൺ ബെന്നറ്റ് ശ്രദ്ധിക്കുകയും, പഞ്ചാബ് പോലീസ് ടീമിന് വേണ്ടി കളിക്കാൻ അദ്ദേഹത്തെ വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ഇതറിഞ്ഞ ബൽബീർ അവിടെ നിന്നും സ്ഥലം വിടുന്നു; പിന്നീട് ഇദ്ദേഹത്തെ കയ്യാമം വച്ച് പിടിച്ചു കൊണ്ട് വന്ന ബെന്നറ്റ് ബൽബീറിനോട് “ജയിലിൽ കഴിയാണോ അതോ കളിച്ചു വളരണോ” എന്നാണ് ചോദിച്ചത്. തുടർന്ന് പഞ്ചാബ് ദേശീയ ടീമിൽ ഇടം നേടിയ അദ്ദേഹം തന്റേതായ കൈയൊപ്പ് ആ കായിക ഇനത്തിൽ ചാർത്തുന്നതിൽ പൂർണമായും വിജയിച്ചു. 1957-ൽ ഭാരതം അദ്ദേഹത്തെ പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു. 1971-ൽ ഇന്ത്യൻ ഹോക്കി ടീം ഒളിംപിക്സിൽ വെങ്കല മെഡൽ നേടുമ്പോൾ അദ്ദേഹമായിരുന്നു ഇന്ത്യൻ ടീം കോച്ച്.

സ്പോർട്സിനു ഗ്ലാമർ എന്ന അർഥം കൂടി എഴുതി ചേർത്ത ഇന്നത്തെ ക്രിക്കറ്റ്, ഇന്ത്യയിൽ മറ്റു കായിക വിനോദങ്ങൾക്കുള്ള പങ്കിന് പലപ്പോഴും വിഘാതമായി നിൽക്കുന്നു എന്ന് തോന്നിപോകാറുണ്ട്. ലഭിച്ച മെഡലുകളും, നെയ്തെടുത്ത സ്വപ്നങ്ങളും തുരുമ്പുപിടിക്കുന്ന, വിശപ്പ് മാറ്റാൻ സ്വർണ്ണമെഡലുകൾ വിൽക്കേണ്ടി വന്ന, വീട്ടിലെ അടുപ്പ് പുകയുന്നതിനായി തെരുവിൽ വടാപാവ് കച്ചവടത്തിനായി ഇറങ്ങേണ്ടി വന്ന ലോകനിലവാരത്തിലെ കായിക പ്രതിഭകൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ, ഒന്നോ രണ്ടോ അപ്രധാന മത്സരങ്ങളിൽ ശരാശരിയിൽ താഴെ മാത്രം പ്രകടനം കാഴ്ച്ചവെക്കുന്ന ക്രിക്കറ്റ് കളിക്കാർക്ക് പോലും മാറ്റിവെക്കാനാകാത്ത പ്രതിഭ, നൂറ്റാണ്ടിന്റെ താരം മുതലായ പട്ടങ്ങൾ വാണിജ്യ യജമാനമാരുടെ താത്പര്യങ്ങൾക്കനുസരിച്ച് ചാർത്തികൊടുക്കുന്ന കാലഘട്ടത്തിൽ ഇന്ത്യൻ സ്പോർട്സ് രംഗം ഒരു പൊളിച്ചെഴുത്ത് ആവശ്യപെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *